ന്യൂഡൽഹി: കടൽക്കൊല കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മീൻപിടിത്തക്കാരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകിയതായും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുടർന്ന്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേസിന്റെ വാദം വെള്ളിയാഴ്ചത്തേക്ക് നിശ്ചയിച്ചു.

ഇന്ത്യയുടെയും ഇറ്റലിയുടെയും ഇടയിലെ സുപ്രധാന വിഷയമാണ് കേസെന്നും അതിനാൽ വെള്ളിയാഴ്ച തന്നെ കേസ് കേൾക്കണമെന്നും സോളിസിറ്റർ ജനറൽ ബുധനാഴ്ച അഭ്യർഥിച്ചു. രാജ്യാന്തര ട്രിബ്യൂണലിലെ തീർപ്പിന്റെ പശ്ചാത്തലത്തിൽ കേസിലെ സുപ്രീംകോടതി നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. ട്രിബ്യൂണൽ നിർദേശിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ട മീൻപിടിത്തക്കാരുടെ കുടുംബാംഗങ്ങൾക്ക് നൽകിയതായി തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് ഇതേ ആവശ്യം സോളിസിറ്റർ ജനറൽ ഉന്നയിച്ചപ്പോൾ മീൻപിടിത്തക്കാരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനും അവരെക്കൂടി കക്ഷികളാക്കി വാദം കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇരകളുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമോയെന്നതിൽ കോടതിക്ക് ആശങ്കയുണ്ടായിരുന്നു. തുടർന്നാണ് ഇവരെയും കക്ഷിചേർക്കാൻ കോടതി ആവശ്യപ്പെട്ടത്. സെയ്‌ന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ടു മത്സ്യത്തൊഴിലാളികളും ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. നിലപാടിൽ ഇവർ ഉറച്ചുനിന്നാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കൽ കോടതിയിൽ നടക്കും.

കേന്ദ്രസർക്കാർ ആവശ്യത്തെ എതിർക്കാൻ ആയിരുന്നു നേരത്തേ കേരളസർക്കാരിന്റെ തീരുമാനം. ഈ നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുമെന്നാണ് സൂചന. 2012 ഫെബ്രുവരിയിലാണ് ഇറ്റാലിയൻ നാവികരായ സാൽവറ്റോറ ജിറോൺ, മാസിമിലിയാനോ ലാറ്റോറെ എന്നിവർ ഇറ്റാലിയൻ കപ്പലായ എം.വി. എന്റിക്ക ലെക്സിയിൽനിന്ന് ഇന്ത്യൻ മേഖലയിൽ വെച്ച് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നത്.

Content Highlights:  SC to hear on Friday Centre's plea to close cases against Italian marines who killed Indian fishermen