ന്യൂഡൽഹി: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ കമൽനാഥിൻറെ താരപ്രചാരക പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു. കമൽനാഥിന്റെ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനാൽ ഹർജി അർഥമില്ലാത്തതാണെന്ന് കമ്മിഷൻ വാദിച്ചെങ്കിലും ജനപ്രാതിനിധ്യനിയമത്തിലെ അനുച്ഛേദം 77 പ്രകാരം ഒരു പാർട്ടിയുടെ നേതാവ് ആരായിരിക്കണമെന്ന് നിശ്ചയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് എവിടെയാണ് അധികാരമുള്ളതെന്ന് കോടതി ചോദിച്ചു. നേരത്തേ നോട്ടീസ് നൽകാതെ സ്വീകരിച്ച നിലപാട് സ്റ്റേചെയ്യുകയാണെന്നും കമൽനാഥിന്റെ പരാതിക്ക് കമ്മിഷൻ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രചാരണവേളയിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരേയും ബി.ജെ.പി. സ്ഥാനാർഥി ഇമർതി ദേവിക്കെതിരേയും നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കമൽനാഥിന്റെ താരപ്രചാരപദവി കമ്മിഷൻ നീക്കിയത്. താരപ്രചാരകരുടെ ചെലവ് ബന്ധപ്പെട്ട പാർട്ടിയാണ് വഹിക്കുക. സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുകയുടെ പരിധിക്കുള്ളിൽ ഇതുവരില്ല. മറ്റു പ്രചാരകരുടെ ചെലവ് സ്ഥാനാർഥികളുടെ കണക്കിൽപ്പെടുത്തും.

content highlights: sc stays ec order revoking star campaigner status of kamalnath