ന്യൂഡൽഹി: ദന്തഗോപുരങ്ങളിൽ ഇരുന്നു ഭരിച്ചാൽ പോരെന്നും രാജ്യം നൂറുവർഷം പിന്നോട്ടുപോകാൻ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി. ഡൽഹിയിലും പരിസരങ്ങളിലും അനുഭവപ്പെടുന്ന കടുത്ത വായുമലിനീകരണ വിഷയത്തിൽ സ്വമേധയാ ഇടപെട്ടാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് ആഞ്ഞടിച്ചത്.
വൈക്കോൽകുറ്റി കത്തിക്കുന്നതു തടയാൻ എന്തുകൊണ്ട് സർക്കാരിനു സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാണ, യു.പി. ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. വായുമലിനീകരണത്താൽ ജനങ്ങളെ മരിക്കാൻ അനുവദിക്കുമോയെന്നു ബെഞ്ച് ചോദിച്ചു. “സർക്കാരിനാണ് അതിന്റെ ഉത്തരവാദിത്വം. ക്ഷേമരാഷ്ട്രത്തെക്കുറിച്ച് നിങ്ങളോർക്കുന്നില്ല. പാവങ്ങളെക്കുറിച്ച് ചിന്തിക്കാത്തത് ദൗർഭാഗ്യകരമാണ്” -കോടതി പറഞ്ഞു. അയൽസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽകുറ്റി കത്തിക്കുന്നതാണ് ഡൽഹിയിലെ വായുമലിനീകരണം കൂടാൻ പ്രധാനകാരണം.
വൈക്കോൽകുറ്റി കത്തിക്കാത്ത കർഷകർക്ക് സഹായധനം
വയലുകളിലെ വൈക്കോൽകുറ്റി കത്തിക്കുന്നത് ഒഴിവാക്കാൻ കർഷകർക്കു സഹായധനം നൽകണമെന്ന് സുപ്രീംകോടതി. പഞ്ചാബ്, ഹരിയാണ, യു.പി. എന്നിവിടങ്ങളിലെ വൈക്കോൽ കത്തിക്കാത്ത കർഷകർക്ക് ക്വിന്റലിനു നൂറുരൂപവീതം സഹായധനം നൽകാനാണ് ഉത്തരവ്. ഏഴുദിവസത്തിനകം സംസ്ഥാന സർക്കാരുകൾ സഹായധനം നൽകണം.
പാരിസ്ഥിതിക മലിനീകരണ വിഷയത്തിൽ മൂന്നു മാസത്തിനകം സമഗ്രപദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോടും ഡൽഹി, പഞ്ചാബ്, യു.പി., ഹരിയാണ സംസ്ഥാനങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Content Highlight: SC slams state govts on air pollution