ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പകുതി വിവി പാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി തള്ളി. നാലിലൊന്നെങ്കിലും ഒത്തുനോക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതും കോടതി അംഗീകരിച്ചില്ല.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ നൽകിയ പുനഃപരിശോധനാഹര്‍ജിയാണ് തള്ളിയത്. ഓരോ നിയമസഭാമണ്ഡലത്തിലെയും അഞ്ചുവീതം ബൂത്തുകളിലെ വി.വി. പാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്ന്‌ ഏപ്രില്‍ എട്ടിലെ വിധിമാറ്റാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

സ്ലിപ്പുകളുടെ 25 ശതമാനമെങ്കിലും എണ്ണുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലേതുമാത്രം എണ്ണുകയാണെങ്കില്‍ അത്‌ രണ്ടുശതമാനംമാത്രമേയാകുകയുള്ളൂ. അതില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് മാര്‍ഗരേഖയില്ലെന്നും സിങ്‌വി വാദിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സിങ്‌വിയുടെ വാദത്തെ പിന്തുണച്ചുകൊണ്ട് മുതിർന്ന അഭിഭാഷകൻ കപില്‍ സിബലും വാദിച്ചു. എന്നാല്‍, അധികം വാദങ്ങളിലേക്ക്‌ കടക്കുംമുന്പുതന്നെ മൂന്നംഗബെഞ്ച് ഹര്‍ജി തള്ളി.

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഓരോ നിയമസഭാമണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പുകള്‍ ഒത്തുനോക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷകക്ഷികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഓരോ നിയമസഭാമണ്ഡലത്തിലെയും അഞ്ചുവീതം ബൂത്തുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി വിധിച്ചത്. എണ്ണേണ്ട ബൂത്തുകളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

പകുതി സ്ലിപ്പുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനം ആറുദിവസംവരെ വൈകിയേക്കുമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ വാദിച്ചത്. നിലവിലെ രീതി കുറ്റമറ്റതാണെന്നും കമ്മിഷന്‍ അവകാശപ്പെട്ടിരുന്നു.

പുനഃപരിശോധനാഹർജി പരിഗണിക്കുമ്പോൾ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), ഡി. രാജ (സി.പി.ഐ.) തുടങ്ങിയവരും കോടതിയിലെത്തിയിരുന്നു.

Content Highlights: SC reject plea for counting VVPAT Slips