ന്യൂഡൽഹി: സംസ്ഥാന ബോർഡ് സെപ്റ്റംബർ ആറിന് നടത്താൻ നിശ്ചയിച്ച പതിനൊന്നാം ക്ലാസ് പരീക്ഷ കോവിഡ് സാഹചര്യത്തിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പന്ത്രണ്ടാംക്ലാസിന്റെ സംസ്ഥാന ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയുണ്ട്. ഇതിൽ കക്ഷിചേരാനാണ് കേരളത്തിലെ രക്ഷിതാക്കളുമെത്തിയത്.

പന്ത്രണ്ടാംക്ലാസുകാരുടെ അധ്യയനം തുടങ്ങിക്കഴിഞ്ഞാണ് പ്ലസ്‌വൺ പരീക്ഷ നടത്തുമെന്ന് സർക്കാർ പെട്ടെന്ന് പ്രഖ്യാപിച്ചതെന്ന് അഡ്വ. പ്രശാന്ത് പത്മനാഭൻ വഴി സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. എന്നിവയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിവിധ ബോർഡുകളിലെ വിദ്യാർഥികൾ തമ്മിൽ തുല്യതയുടെ വിഷയംകൂടി കണക്കിലെടുത്ത് പതിനൊന്നാം ക്ലാസ് പരീക്ഷയും റദ്ദാക്കണമെന്ന് ഹർജിയിൽ പറയുന്നു.

Content Highlights: SC Kerala Exam