മുംബൈ: പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. റിസർവ് ബാങ്കിൻറെ നിർദേശപ്രകാരം കാലാവധിവായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്കുകൂടി നീട്ടി.

ഇതനുസരിച്ച് മൂന്നുമാസത്തേക്ക് ഇ.എം.ഐ. അടയ്ക്കേണ്ടതില്ല. ഉപഭോക്താക്കളുടെ അപേക്ഷയ്ക്കുകാത്തുനിൽക്കാതെ അർഹമായ വായ്പകൾക്കെല്ലാം ഈ സൗകര്യം ലഭ്യമാക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

നിലവിൽ അക്കൗണ്ടിൽനിന്ന് മാസംതോറും ഇ.എം.ഐ. പിടിക്കുന്ന 85 ലക്ഷത്തോളം ഉപഭോക്താക്കളിൽനിന്ന് എസ്.എം.എസ്. മുഖേന അനുമതി തേടും.

ഇ.എം.ഐ. നീട്ടിവെക്കാൻ ആഗ്രഹിക്കുന്നവർ എസ്.എം.എസ്. ലഭിച്ച് അഞ്ചുദിവസത്തിനുള്ളിൽ അതിൽ പറയുന്ന വെർച്വൽ നന്പറിലേക്ക് ‘യെസ്’ എന്ന് മറുപടി അയച്ചാൽ മതിയാകും. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിനാണ് ഇപ്പോൾ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.