ബഹ്റൈച്ച് (യു.പി.): ലോക്‌സഭാതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ ബി.ജെ.പി.ക്ക്‌ കനത്ത പ്രഹരമേല്പിച്ച് ദളിത് നേതാവും ബഹ്റൈച്ച് എം.പി.യുമായ സാവിത്രിബായി ഫുലെ പാർട്ടിവിട്ടു. ബി.ജെ.പി. സമൂഹത്തെ വിഭജിക്കുകയാണെന്നും സംവരണപ്രശ്നത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചാണ് അവർ വ്യാഴാഴ്ച പാർട്ടിവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ നിലപാടുകൾക്കെതിരേ അടുത്തിടെ അവർ പരസ്യമായി രംഗത്തുവന്നിരുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് സംവരണമണ്ഡലമായ ബഹ്റൈച്ചിൽനിന്ന് സാവിത്രിബായി ആദ്യമായി ലോക്‌സഭാംഗമായത്. ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിന്റെ ഓർമദിവസമായ ‍ഡിസംബർ ആറാണ് രാജിപ്രഖ്യാപനത്തിന് അവർ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്. സമൂഹത്തെ വിഭജിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളിൽ വേദനയുണ്ടെന്ന് അവർ വ്യക്തമാക്കി.

“ഞാനൊരു സാമൂഹികപ്രവർത്തകയാണ്. ദളിതരുടെയും ആദിവാസികളുടെയും മറ്റു പിന്നാക്കവിഭാഗക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയാണ്‌ ഞാൻ പോരാടുന്നത്. എന്റെ ജീവിതത്തിലുടനീളം ഞാൻ അവർക്കുവേണ്ടി ത്യാഗങ്ങൾ ചെയ്തു. കഴിഞ്ഞ കുറേവർഷങ്ങളായി സംവരണസംരക്ഷണത്തിനായി ഞാൻ പ്രചാരണം നടത്തുന്നുണ്ട്. സംവരണം വെട്ടിക്കുറയ്ക്കുമെന്നും ഭരണഘടന ഭേദഗതിചെയ്യുമെന്നും ഞാൻ കേൾക്കുന്നുണ്ട്. സംവരണം പൂർണമായി നടപ്പാക്കണമെന്നാണ് എന്റെയാവശ്യം. ഒരു ദളിത് എം.പി.യായിരുന്നിട്ടുകൂടി എന്റെ ശബ്ദം പാർട്ടി കേട്ടില്ല. ഞാൻ അവഗണിക്കപ്പെട്ടു. അവരുടെ ശബ്ദം ഉയർത്താനായി ഏതറ്റം വരെയും ഞാൻ പോകും” -അവർ കൂട്ടിച്ചേർത്തു. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 23-ന്‌ പ്രചാരണമാരംഭിക്കുമെന്നും അവർ അറിയിച്ചു.

സമീപകാലത്ത് ഒട്ടേറെ പ്രസ്താവനകളിലൂടെ ബി.ജെ.പി.യുമായുള്ള തന്റെ ആശയപരമായ ഭിന്നത അവർ വെളിവാക്കിയിരുന്നു. രാമക്ഷേത്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കേന്ദ്രസർക്കാർ ഭരണഘടനയെക്കുറിച്ച്‌ ചിന്തിക്കണമെന്നും എല്ലാ ജാതിവിഭാഗങ്ങൾക്കും തുല്യത നൽകണമെന്നുമായിരുന്നു ഒരു പ്രസ്താവന. ഹനുമാൻ ദളിതനും മനുവാദികളുടെ അടിമയായിരുന്നെന്നുമായിരുന്നു മറ്റൊരു പ്രസ്താവന.

മുഹമ്മദലി ജിന്നയെ ‘മഹാപുരുഷൻ’ എന്ന്‌ വിശേഷിപ്പിച്ചതോടെയാണ്‌ സാവിത്രിബായ് ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജിന്ന ഏറെ സംഭാവനചെയ്തിട്ടുണ്ടെന്നായിരുന്നു ഈ വർഷം മേയ് നാലിന്‌ സാവിത്രിബായി നടത്തിയ പ്രസ്താവന. ദളിതർക്കും ആദിവാസികൾക്കും മറ്റുപിന്നാക്കവിഭാഗക്കാർക്കും രാജ്യത്ത് അവരുടെ അവകാശങ്ങൾ നഷ്ടപ്പെടാൻ പോകുകയാണെന്നും സംവരണം അവസാനിക്കുമെന്നും ആ മാസംതന്നെ മറ്റൊരു പ്രസ്താവനയും അവർ നടത്തിയിരുന്നു.