കൊൽക്കത്ത: പാക് കരസേനാമേധാവിയെ ആലിംഗനം ചെയ്തതിന്റെ പേരിൽ ആരോപണം നേരിടുന്ന പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ധുവിന് ബി.ജെ.പി. എം.പി. ശത്രുഘൻ സിൻഹയുടെ പിന്തുണ. മുൻപ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തങ്ങളുടെ പാക് സന്ദർശനവേളയിൽ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ ആലിംഗനം ചെയ്തിട്ടുണ്ടെന്ന് സിൻഹ പറഞ്ഞു. തന്റെ നിലപാട് സിദ്ധുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സംഭവം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്താലേഖകരോട്‌ പറഞ്ഞു.

പാക് പ്രധാനമന്ത്രിയായുള്ള ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയപ്പോഴാണ് സിദ്ധു കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ ആലിംഗനംചെയ്തത്.

ബി.ജെ.പി.ക്കെതിരേ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും പാർട്ടിക്ക് കണ്ണാടിപിടിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നതെന്നും കൊൽക്കത്തയിലെ സെമിനാറിൽ അദ്ദേഹം പറഞ്ഞു. “ഞാൻ എന്റെ പാർട്ടിക്കും സർക്കാരിനുമെതിരേ സംസാരിക്കുന്നുവെന്ന് ജനം പറയുന്നു. ഞാൻ അങ്ങനെ ചെയ്യുകയല്ല. നേതാജി ദേശ്‌മുഖ്, എ.ബി. വാജ്പേയി, എൽ.കെ. അദ്വാനി തുടങ്ങിയ നേതാക്കളിൽനിന്നാണ് എനിക്ക്‌ പരിശീലനം ലഭിച്ചത്. വ്യക്തിയെക്കാൾ വലുതാണ് പാർട്ടിയെന്നും പാർട്ടിയെക്കാൾ വലുതാണ് രാജ്യമെന്നുമാണ് ഞാൻ അവരിൽനിന്ന്‌ പഠിച്ചത്. രാജ്യത്തിന് അനുകൂലമായി എന്തെങ്കിലും ഞാൻ പറയുമ്പോൾ അത്‌ പാർട്ടിക്ക് അനുകൂലമായിക്കൂടിയാണ്” -അദ്ദേഹം പറഞ്ഞു.