കൊൽക്കത്ത: ബംഗാളി സിനിമയിലെ നക്ഷത്രശോഭയായ ശതാബ്ദി റോയിക്ക് രാഷ്ട്രീയത്തിലും തിളക്കത്തിന് കുറവൊന്നുമില്ല. 2009 മുതൽ തൃണമൂൽ കോൺഗ്രസിന്റെ എം.പി.യുമാണ്.

എന്നാൽ, ഇത്തവണ ഹാട്രിക്കിനിറങ്ങുമ്പോൾ തിളക്കത്തിന് മങ്ങലുണ്ട്. മണ്ഡലത്തിൽ വികസനമെത്തിക്കാനായില്ല എന്നതാണ് പ്രധാനആരോപണം. ബംഗാളിനെയും ദേശീയരാഷ്ട്രീയത്തെയും പിടിച്ചുലച്ച ശാരദാ ചിട്ടി തട്ടിപ്പിന്റെ നിഴലും ശതാബ്ദി റോയിക്ക് മേലുണ്ട്. ഇതൊക്കെ മറികടക്കാൻ ഇത്തവണ അവർക്ക് ജയിച്ചേ പറ്റൂ.

ശതാബ്ദി റോയി വീണ്ടും ജനവിധി തേടുന്ന ബിർഭൂമിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മുമ്പ് സംവരണമണ്ഡലമായിരുന്നു ഇത്. 2009-ൽ പൊതുവിഭാഗത്തിലായപ്പോഴാണ് ശതാബ്ദി റോയി ആദ്യം മത്സരിച്ച് 61,519 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്. 2014-ൽ ഭൂരിപക്ഷം 67,263 ആയി. സി.പി.എം. ആയിരുന്നു കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത്.

1986-ൽ അതങ്ക എന്ന സിനിമയിലൂടെയാണ് ശതാബ്ദി അഭിനയരംഗത്തെത്തുന്നത്. ബംഗാൾ ഫിലിം ജേണലിസ്റ്റ് അസോസിയേഷന്റെ (ബി.എഫ്.ജെ.എ.) പുരസ്കാരം രണ്ടുതവണ തേടിയെത്തി. വാണിജ്യസിനിമകളിൽ തിളങ്ങിയ അവർ രാഷ്ട്രീയത്തിലെത്തിയതോടെ അഭിനയജീവിതത്തിന് പ്രാധാന്യം നൽകിയില്ല. തങ്ങൾക്ക് വോട്ടുചെയ്യുന്നവരുടെ ഗ്രാമങ്ങൾക്കേ വികസനത്തിന് കൂടുതൽ മുൻഗണന നൽകൂ എന്ന് 2014-ൽ പ്രചാരണത്തിനിടെ പ്രസംഗിച്ച് പുലിവാൽ പിടിച്ചിട്ടുണ്ട്. എങ്കിലും എം.പി.ഫണ്ട് ചെലവഴിച്ച എം.പി.മാരിൽ മുന്നിലെന്ന അവകാശവാദമാണ് വികസന കാര്യത്തിൽ ശതാബ്ദി റോയിയുടെ തുറുപ്പു ചീട്ട്. വീണ്ടും വിജയിക്കുമെന്ന പാർട്ടിയുടെ ആത്മവിശ്വാസത്തിന് പിറകിലും എം.പി.യെന്ന നിലയിൽ അവരുടെ പ്രവർത്തനമാണ്.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 2017-ൽ സി.ബി.ഐ. ഉദ്യോഗസ്ഥർ ശതാബ്ദി റോയിയെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. ശാരദ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു അവർ. എന്നാൽ, അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്.

ഇക്കുറി ഇ-റിക്ഷ ഓടിച്ചും ജനങ്ങളിലേക്കിറങ്ങിയും പ്രചാരണരംഗം കൊഴുപ്പിച്ചായിരുന്നു ശതാബ്ദി റോയിയുടെ മുന്നേറ്റം. എന്നാൽ, പലയിടത്തും പ്രചാരണ പരിപാടികൾക്ക് വേണ്ടത്ര ആളില്ലാത്തതിൽ അവർ പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചു.

ബി.ജെ.പി.യുയെ ദൂത്കുമാർ മണ്ഡൽ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. സി.പി.എമ്മിലെ റെസാവുൽ കരീം, കോൺഗ്രസിലെ ഇമാം ഹുസൈൻ എന്നിവരാണ് എതിരാളികൾ. പാർലമെന്റിൽ ശതാബ്ദി റോയിയുടെ കുറഞ്ഞ ഹാജർ നിലയും മണ്ഡലത്തിലെ വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് എതിരാളികളുടെ പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശതാബ്ദി റോയിക്കു മുന്നിൽ റോഡ്, കുടിവെള്ളം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി നാട്ടുകാർ പ്രതിഷേധിച്ച സംഭവവും ഉണ്ടായി. അതൊക്കെ മറികടന്നുവേണം നാൽപത്തിയൊമ്പതുകാരിയായ താരത്തിന് വീണ്ടും ലോക്‌സഭയിലെത്താൻ.

തൃണമൂലിന് ആശ്വാസം പകരുന്ന മറ്റൊന്നുണ്ട്. കഴിഞ്ഞതവണ 1.32 ലക്ഷം വോട്ടു പിടിച്ച കോൺഗ്രസ് സ്ഥാനാർഥി സയിദ് സിറാജ് ജിമ്മി ഇപ്പോൾ തങ്ങളുടെ പാളയത്തിലാണ് എന്നത്. ടി.എം.സി. ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയർമാനാണ് അദ്ദേഹം. മണ്ഡലത്തിലെ പ്രബലരായ ന്യൂനപക്ഷ വിഭാഗം ഇതിലൂടെ തങ്ങൾക്കനുകൂലമാകുമെന്നാണ് തൃണമൂൽ പ്രതീക്ഷിക്കുന്നത്.

content highlights: Satabdi Roy west bengal lok sabha election 2019