ചെന്നൈ: എ.ഐ.എ.ഡി.എം.കെ.യിലേക്കുള്ള തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി വി.കെ. ശശികല. പാർട്ടിയുടെ തകർച്ച ഒരു നിമിഷംപോലും കണ്ടുനിൽക്കാൻ സാധിക്കില്ലെന്നും എല്ലാവരെയും കാണാൻ താനെത്തുമെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന പ്രസ്താവനയിൽ ശശികല അറിയിച്ചു. പാർട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് മറീനയിലെ ജയലളിത സമാധി സന്ദർശിക്കുന്ന ശശികല പിന്നീട് സംസ്ഥാനപര്യടനം നടത്താനാണ് ഒരുങ്ങുന്നത്. ഇതിനുമുന്നോടിയായി തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

എ.ഐ.എ.ഡി.എം.കെ.യുടെ സുവർണജൂബിലി ആഘോഷങ്ങൾക്കായി ഒ. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുമ്പോഴാണ് ശശികല തിരിച്ചുവരവിന് നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. 1972 ഒക്ടോബർ 17-നാണ് എം.ജി.ആർ. എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ചത്. അടുത്ത വർഷമാണ് 50 വർഷം പൂർത്തിയാകുന്നത്. ഇതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ നടത്താനാണ് പനീർശെൽവം-പളനിസ്വാമി പക്ഷം പദ്ധതിയിടുന്നത്. ഇതിനിടെയാണ് തലവേദനയായി ശശികലയുടെ നീക്കങ്ങൾ.

ആരോടും വിവേചനംകാട്ടാതെ, എല്ലാവരെയും ഒരുപോലെ കാണുന്നതായിരുന്നു എം.ജി.ആറിന്റെ ശൈലിയെന്നും എന്നാൽ, പാർട്ടിയിൽ ഇപ്പോൾ അങ്ങനെയല്ലെന്നും ശശികല ആരോപിച്ചു.

‘‘പാർട്ടിയിൽ പ്രധാനസ്ഥാനം വേണ്ടത് പ്രവർത്തകർക്കാണ്. പ്രവർത്തകരുടെ വികാരം മാനിച്ചാണ് പാർട്ടി മുന്നോട്ടുപോകേണ്ടത്. നേതൃത്വം വഹിക്കുന്നവർ ഒരു അമ്മയെപ്പോലെ പ്രവർത്തകരെയും പാർട്ടിയെയും സംരക്ഷിക്കണം. എന്നാൽ, ഇപ്പോൾ അതുനടക്കുന്നില്ല. പക്ഷേ, ആരും ഭയപ്പെടേണ്ട കാര്യമില്ല. ഞാൻ എല്ലാവരെയും കാണാൻ ഉടൻ എത്തും’’ -ശശികല വ്യക്തമാക്കി.

തിരിച്ചുവരവിനുള്ള ശശികലയുടെ നീക്കങ്ങൾ തടയുന്നതിന് ഔദ്യോഗികപക്ഷം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉന്നതതലയോഗം ചേർന്ന് ഇതുസംബന്ധിച്ച് ആലോചനനടത്തി. അതേസമയം, പാർട്ടിയിൽ മാറ്റങ്ങൾവേണമെന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ സെല്ലൂർ കെ. രാജു അഭിപ്രായപ്പെട്ടത് പുതിയ ചർച്ചയ്ക്ക് കാരണമായി. സെല്ലൂർ രാജു നേരത്തേയും ശശികലയ്ക്ക് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.

മുമ്പ് ശശികലയെ എതിർത്തിരുന്ന പനീർശെൽവം ഇപ്പോൾ മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഭാര്യയുടെ മരണസമയത്ത് പനീർശെൽവത്തെയും കുടുംബത്തെയും കാണാൻ ശശികല എത്തിയിരുന്നു. പനീർശെൽവം അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും പളനിസ്വാമി ശശികലയുടെ പുനഃപ്രവേശത്തെ ശക്തമായി എതിർക്കുകയാണ്.

തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടാൽ പ്രവർത്തകരെ നേതൃത്വത്തിനെതിരേ തിരിക്കാൻ എളുപ്പമായിരിക്കുമെന്നാണ് ശശികലയുടെ കണക്കുകൂട്ടൽ. ഒമ്പതുജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന വോട്ടെടുപ്പിെന്റ ഫലം ചൊവ്വാഴ്ച അറിയാം. അതിനുശേഷം ശശികല അടുത്തഘട്ട നടപടികൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.