ന്യൂഡൽഹി: ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്ന് ശശി തരൂർ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് 48 മണിക്കൂറിനകം ഭരണഘടന ഭേദഗതി ചെയ്ത സർക്കാരിന് ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്താൻ എളുപ്പമാണെന്നും ചൊവ്വാഴ്ച ശൂന്യവേളയിൽ തരൂർ പറഞ്ഞു.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളം മുഴുവൻ അസ്വസ്ഥത യുണ്ടാക്കിയിരിക്കുകയാണ്. വിശ്വാസികൾ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണ്. അവർ അക്രമം അഴിച്ചുവിടുന്നു. അയ്യപ്പന്റെ പവിത്രത മാത്രമല്ല, സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയും തകരാറിലാക്കുകയാണ് -തരൂർ ആരോപിച്ചു.

നിയമനിർമാണത്തിലൂടെയോ സുപ്രീംകാടതിയുടെ വിധി പുനഃപരിശോധിക്കുന്നതിലൂടെയോ മാത്രമേ ശബരിമലപ്രശ്നത്തിന്‌ പരിഹാരം കാണാനാകൂവെന്ന് തരൂർ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമനിർമാണം നടത്താൻ ആവശ്യമായ ഭൂരിപക്ഷമുള്ളവർ പ്രക്ഷോഭത്തിനും അക്രമത്തിനും തുനിയുന്നത് കാപട്യമാണ്.

മതാചാരം പാലിക്കുന്നതിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണം. ശബരിമല വിഷയത്തിൽ അക്രമം നടത്തുകയും ക്ഷേത്രത്തിന്റെ പവിത്രത ലംഘിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ അവസാനിപ്പിക്കാൻ കേരളത്തിലെ തങ്ങളുടെ അനുയായികളോട് ആവശ്യപ്പെടുകയെങ്കിലും വേണം -തരൂർ പറഞ്ഞു.

Content Highlights: sashi tahroor response about sabarimala case