ചെന്നൈ: ‘സാർപ്പട്ട പരമ്പര’ സിനിമയിൽ മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ പാ രഞ്ജിത്തിന് എ.ഐ.എ.ഡി.എം.കെ. നോട്ടീസയച്ചു. സിനിമയിൽനിന്ന് വിവാദ ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാവിനും ഒ.ടി.ടി.യിൽ റിലീസ് ചെയ്ത ആമസോൺ പ്രൈമിനും പാർട്ടി നോട്ടീസയച്ചിട്ടുണ്ട്. ഭാഗങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും മുൻ മന്ത്രിയും മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ ഡി. ജയകുമാർ മുന്നറിയിപ്പ് നൽകി. സിനിമ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ജയകുമാർ ആരോപിച്ചു.

ചെന്നൈയിൽ നടന്നിരുന്ന ഗുസ്തിക്കും രാഷ്ട്രീയത്തിനും ഒരുബന്ധവുമില്ലാത്തതാണ്. എന്നാൽ ഡി.എം.കെ. ആണ് ഗുസ്തിയെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന മട്ടിലാണ് ‘സാർപ്പട്ട പരമ്പര’യിൽ കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. എം.ജി.ആറിന് ഗുസ്തിയുമായി ബന്ധമില്ലെന്ന തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല. തമിഴ്‌നാട്ടിൽ മദ്യനിരോധനം കൊണ്ടുവന്നയാളാണ് എം.ജി.ആർ. എന്നാൽ ഇതിൽനിന്നെല്ലാം വിരുദ്ധമായി എം.ജി.ആറിനെ മോശമായി ചിത്രീകരിച്ച് ഡി.എം.കെ.യെ ഉയർത്തിക്കാണിക്കുകയാണ് സിനിമയിൽ ചെയ്തിരിക്കുന്നത്. ഡി.എം.കെ.യാണ് കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി എന്ന തോന്നൽ യുവാക്കൾക്കിടയിൽ സിനിമ സൃഷ്ടിക്കുന്നു. ‘സാർപ്പട്ട പരമ്പര’ ഡി.എം.കെ.യുടെ പ്രചാരണ സിനിമയാണെന്നും ജയകുമാർ കുറ്റപ്പെടുത്തി.

content highlights: Sarpatta Parambarai: aiadmk sends notice to director pa ranjith