
കൊൽക്കത്ത: കോടികളുടെ ശാരദാ ചിട്ടിത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കൊൽക്കത്ത മുൻ പോലീസ് കമ്മിഷണർ രാജീവ് കുമാർ അലിപുർ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാജീവ് കുമാറിനെ അറസ്റ്റുചെയ്യാൻ സി.ബി.ഐ.ക്കു വാറന്റ് വേണ്ടെന്നു കോടതി വ്യക്തമാക്കിയതിനുപിന്നാലെയാണ് രാജീവ് കുമാറിന്റെ ജാമ്യാപേക്ഷ. കോടതി ഇതു ശനിയാഴ്ച പരിഗണിച്ചേക്കും.
അതേസമയം, ചോദ്യംചെയ്യാൻ വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് സി.ബി.ഐ. രാജീവ് കുമാറിനു കത്തയച്ചെങ്കിലും അദ്ദേഹമെത്തിയില്ല. ഇതു മൂന്നാംതവണയാണ് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണമെന്നുള്ള നിർദേശം അദ്ദേഹം നിരസിക്കുന്നത്. ശാരദാചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ചില സുപ്രധാന തെളിവുകൾ പൂഴ്ത്തിയെന്ന ആരോപണമാണ് രാജീവ് കുമാർ നേരിടുന്നത്.
സി.ഐ.ഡി. അഡീഷണൽ ഡയറക്ടർ ജനറലായ രാജീവ് കുമാറിനായി സി.ബി.ഐ.യുടെ പ്രത്യേക അന്വേഷണസംഘം ഏതാനും ദിവസമായി കൊൽക്കത്തയിലെ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിവരുകയാണ്. കഴിഞ്ഞദിവസം പശ്ചിമബംഗാൾ ഡി.ജി.പി.ക്കയച്ച കത്തിൽ കുമാറിനെ ബന്ധപ്പെടാൻ കഴിയുന്ന ഫോൺനന്പറുകൾ നൽകാൻ സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു.
Content Highlights: Saradha chit fund scam Rajiv Kumar filed bail plea