മുംബൈ: റഫാൽ ഇടപാടിൽ നരേന്ദ്രമോദിയെ പിന്തുണച്ചിട്ടില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ്പവാർ. ‘തന്റെ പ്രസ്താവനയെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി ദുർവ്യാഖ്യാനം നടത്തുകയായിരുന്നു. ഞാൻ ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. എനിക്കെങ്ങനെയാണ് അക്കാര്യം പറയാനാവുക’. പവാർ ചോദിച്ചു. പ്രതിപക്ഷ ഐക്യനിരയിൽ തന്റെ നിലപാട് വിള്ളലുണ്ടാക്കി എന്ന വാദവും പവാർ തള്ളി. താൻ പറഞ്ഞത് മറ്റുള്ളവർ ദുർവ്യാഖ്യാനം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏതാനും ദിവസം മുമ്പ് മറാഠി ചാനലിന് നൽകിയ അഭിമുഖത്തിൽ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി മോദിയുടെ ഉദ്ദേശ്യത്തെ സംശയിക്കേണ്ടതില്ല എന്ന് ശരദ്പവാർ പറഞ്ഞിരുന്നു. റഫാൽ വിമാനത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമല്ല എന്നും എന്നാൽ വില പുറത്തുവിടുന്നതിൽ തെറ്റില്ല എന്നും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ താൻ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ശരദ്പവാർ രംഗത്തെത്തിയിരിക്കുന്നത്. ശരദ്പവാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് അടുത്ത അനുയായി താരിഖ് അൻവറും എൻ.സി.പി. മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി മുനാഫ് ഹഖിമും വെള്ളിയാഴ്ച പാർട്ടി വിട്ടിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവർ ലോക്‌സഭാ എം.പി. സ്ഥാനവും രാജിവെച്ചിരുന്നു.