ന്യൂഡല്‍ഹി: ജനാധിപത്യത്തിനു കളങ്കപ്പെടുത്തുന്ന പെരുമാറ്റമാണ് കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിന്റെതെന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് ഒഴിവാക്കപ്പെട്ട 'എസ് ദുര്‍ഗ' സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കുറ്റപ്പെടുത്തി.

മേളയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. മന്ത്രാലയം തന്നെയാണ് പതിമ്മൂന്നംഗ ജൂറിയെ നിയമിച്ചത്. ആ ജൂറി തിരഞ്ഞെടുത്ത സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ എന്തിനാണ് ജൂറിയുടെ ആവശ്യമെന്നും സനല്‍ ചോദിച്ചു. സിനിമ കാണാതെയാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങളെന്ന് എസ് ദുര്‍ഗയുടെ നിര്‍മാതാവ് ഷാജി മാത്യുവും പ്രതികരിച്ചു.

വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന ഒന്നും സിനിമയിലില്ല. ഒരു ക്ഷേത്രത്തില്‍വെച്ചാണ് സിനിമ ചിത്രീകരിച്ചത്. അവിടെയുള്ളവര്‍ക്കും അതു വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതായി തോന്നിയിട്ടില്ല. ഭരണത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്നാണ് ചിലരുടെ ധാരണ. തനിക്കു പല ഭീഷണികളും നേരിട്ടു. ഇത്തരം ഗുണ്ടായിസത്തെ പിന്തുണയ്ക്കുന്നതാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സനല്‍ പറഞ്ഞു.

വിശ്വാസത്തെ ബാധിക്കുമെന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സിനിമയുടെ പേരുമാറ്റാന്‍ തങ്ങള്‍ തയ്യാറായെന്ന് ഷാജി മാത്യു പറഞ്ഞു. മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. അദ്ദേഹം അഭിപ്രായപ്പെട്ടു.