ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ (എസ്.പി.) സൈക്കിള്‍ ചിഹ്നം തിരഞ്ഞെടുപ്പു കമ്മിഷന്‍ മരവിപ്പിക്കാന്‍ സാധ്യത. എസ്.പി.യിലെ ഭിന്നതകാരണം, പാര്‍ട്ടിയിലെ ഏതു വിഭാഗത്തിനാണ് സൈക്കിള്‍ ചിഹ്നത്തിന് അര്‍ഹത എന്നകാര്യത്തില്‍ ജനുവരി 17-നുമുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാന്‍ കഴിയാതെവന്നാല്‍ ചിഹ്നം മരവിപ്പിച്ചേക്കും.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.പി.യുടെ ചിഹ്നത്തിന്റെ കാര്യം വലിയ തര്‍ക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മുലായംസിങ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പി. വിഭാഗവും അദ്ദേഹത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന വിഭാഗവും സൈക്കിള്‍ ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എം.എല്‍.എമാരുടെ ഒപ്പിട്ട സാത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ രണ്ടുപക്ഷത്തിനും തിങ്കളാഴ്ചവരെ സമയം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി എം.പി.മാര്‍, എം.എല്‍.എമാര്‍, പ്രതിനിധികള്‍ എന്നിവരില്‍ 50 ശതമാനത്തിലേറെപ്പേരുടെ പിന്തുണ ഏതുവിഭാഗത്തിനാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി ചിഹ്നമുള്‍പ്പെടെയുള്ള കാര്യത്തില്‍ മേല്‍ക്കൈ ലഭിക്കുക.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് ജനുവരി 17-നാണ്. അതിനുമുമ്പ് ഇരുപക്ഷങ്ങളുടെയും അവകാശവാദത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ ചിഹ്നം തത്കാലം മരവിപ്പിക്കുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള പോംവഴിയായി കമ്മിഷന്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. ഇതിനിടെ ഇരുപക്ഷങ്ങളും ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.