ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറിക്ക് തുടക്കമിട്ടുകൊണ്ട് വിമതനേതാവ് ശിവപാല്‍ യാദവ് പുതിയ സംഘടന പ്രഖ്യാപിച്ചു. സമാജ്വാദി സെക്കുലര്‍ മോര്‍ച്ച എന്ന പേരിലുള്ള സംഘടനയെ തന്റെ സഹോദരന്‍ മുലായംസിങ് യാദവ് നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
അഖിലേഷ് യാദവില്‍നിന്ന് പാര്‍ട്ടിനേതൃത്വം മുലായം സിങ്ങിലേക്ക് തിരികെ എത്തിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. മുലായത്തെ അവഗണിച്ചവര്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ശിവപാല്‍ യാദവ് പറഞ്ഞു. പുതിയ സംഘടന സോഷ്യലിസ്റ്റ് ധാരയെ ഒന്നിപ്പിച്ചു ശക്തിപ്പെടുത്തും. മതേതര സഖ്യം ഉടന്‍ പ്രഖ്യാപിക്കും -അദ്ദേഹം പറഞ്ഞു.

അഖിലേഷ് പാര്‍ട്ടിനേതൃത്വം ഒഴിയണമെന്നും മുലായത്തെ പാര്‍ട്ടി അധ്യക്ഷസ്ഥാനം തിരികെ ഏല്‍പ്പിക്കണമെന്നും നേരത്തെ ശിവപാല്‍ വിഭാഗം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ ഈ ആവശ്യം അവര്‍ ശക്തമായി ഉയര്‍ത്തി. എന്നാല്‍, അഖിലേഷ് വഴങ്ങാത്ത സാഹചര്യത്തിലാണ് പിളര്‍പ്പ് പ്രഖ്യാപനവുമായി ഇപ്പോള്‍ ശിവപാല്‍ രംഗത്തെത്തിയത്.

മൂന്നുമാസത്തിനുള്ളില്‍ അഖിലേഷ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ശിവപാല്‍ യാദവ് ചൂണ്ടിക്കാട്ടി. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇനിയും അത് നടക്കാത്ത സാഹചര്യത്തില്‍ കാത്തിരിക്കാന്‍ കഴിയില്ലെന്ന് ശിവപാല്‍ തുറന്നടിച്ചു.

തിരഞ്ഞെടുപ്പിനുമുമ്പ് മുലായത്തെ മാറ്റിയാണ് മകന്‍ അഖിലേഷ് പാര്‍ട്ടി അധ്യക്ഷനായത്. ഇത് പാര്‍ട്ടിയില്‍ കലാപത്തിനിടയാക്കിയെങ്കിലും വോട്ടെടുപ്പുസമയത്ത് മുലായം മൗനം പാലിക്കുകയായിരുന്നു.

ശിവപാലിന്റെ പാര്‍ട്ടിപ്രഖ്യാപനത്തോട് മുലായം പ്രതികരിച്ചിട്ടില്ല. അതേസമയം, കൂടുതല്‍ മതേതര കൂട്ടായ്മകള്‍ വരട്ടേയെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. സമാജ്വാദി പാര്‍ട്ടി ഏത് പരീക്ഷയും ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.