വറംഗൽ: സൈബരാബാദ് പോലീസ് മേധാവി വി.സി. സജ്ജനാർ ആദ്യമായല്ല ഏറ്റുമുട്ടൽക്കൊലയ്ക്കു നേതൃത്വം നൽകുന്നത്. 2008-ൽ വറംഗൽ എസ്.പി.യായിരിക്കെ സമാനരീതിയിൽ മൂന്നുപേരെ വധിക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.

രണ്ട് എൻജിനിയറിങ് വിദ്യാർഥിനികൾക്കുനേരെയുണ്ടായ ആസിഡ് ആക്രമണത്തിലാണ് സജ്ജനാർ സ്വന്തം രീതിയിൽ നീതിനടപ്പാക്കിയത്. 2008 ഡിസംബറിലാണ് മൂന്നു യുവാക്കൾ വിദ്യാർഥിനികളുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പെൺകുട്ടികളിലൊരാൾ ഹൈദരാബാദിൽ ചികിത്സയിലിരിക്കെ മരിച്ചു.

പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. അന്നും പ്രതികൾക്കുനേരെ വ്യാപകമായ ജനരോഷമുയർന്നിരുന്നു. സജ്ജനാരുടെ പോലീസ് ഇവരെ തെളിവെടുപ്പിനായി ആക്രമണംനടന്ന സ്ഥലത്തെത്തിച്ചു. വിദ്യാർഥിനികളെ ആക്രമിക്കാനായി സഞ്ചരിച്ച മോട്ടോർസൈക്കിൾ കണ്ടെടുക്കാനാണ് ഇവരെ കൊണ്ടുപോയത്. അവിടെവെച്ച് പ്രതികൾ മൂന്നുപേരും കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിലെന്ന് പോലീസ് ഭാഷ്യം.

1996 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ സജ്ജനാർ സൈബരാബാദ് പോലീസ് കമ്മിഷണറാകുംമുമ്പ് മാവോവാദിവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ ഐ.ജി.യായിരുന്നു. ഒട്ടേറെ മാവോവാദികളെ അറസ്റ്റുചെയ്തതിനും കീഴടങ്ങാൻ പ്രേരിപ്പിച്ചതിനും ഇദ്ദേഹം പേരുകേട്ടു.

കൂട്ടത്തിൽ മാവോവാദികളുടെ േനതാവായിരുന്ന മുഹമ്മദ് നയീമുദ്ദീനെ 2016 ഓഗസ്റ്റിൽ സജ്ജനാരുടെ സംഘം ഏറ്റുമട്ടലിലൂടെ കൊലപ്പെടുത്തി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം. അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചു കടന്നുകളയാൻ ശ്രമിച്ചപ്പോൾ വധിച്ചു എന്നാണ് പോലീസ് പറഞ്ഞത്. കടർണാടകത്തിലെ ഹുബ്ബള്ളി സ്വദേശിയാണ് സജ്ജനാർ.

സജ്ജനാർ തന്റെ ചുമതല നിറവേറ്റിയെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും സഹോദരൻ എം.സി. സജ്ജനാർ ബെംഗളൂരുവിൽ പറഞ്ഞു.

content highlights: Sajjanar helmed Warangal police during similar 'encounter' in 2008