ശ്രീനഗർ: ഒരുകൊല്ലത്തോളംനീണ്ട തടങ്കലിനുശേഷം ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് (ജെ.കെ.പി.സി.) അധ്യക്ഷൻ സജ്ജാദ് ഗനി ലോൺ വെള്ളിയാഴ്ച മോചിതനായി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കി രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കിയ 2019 ഓഗസ്റ്റ് അഞ്ചിനാണ് ലോണിനെ കസ്റ്റഡിയിലെടുത്തത്.

മോചിതനായെന്ന് ലോൺ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ‘തടവിന് ഒരുവർഷം തികയാൻ അഞ്ചുദിവസം ബാക്കിയുള്ളപ്പോൾ സ്വതന്ത്രമനുഷ്യനായതായി എനിക്ക് ഔദ്യോഗിക അറിയിപ്പുകിട്ടി’യെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

പി.ഡി.പി.-ബി.ജെ.പി. സഖ്യസർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു ലോൺ. ആദ്യം സെന്റൗർ ഹോട്ടലിലും പിന്നീട് ശ്രീനഗറിലെ എം.എൽ.എ. ഹോസ്റ്റലിലും തടവിൽ പാർപ്പിച്ച ലോൺ ഫെബ്രുവരിമുതൽ വീട്ടുതടങ്കലിലായിരുന്നു.

മെഹ്ബൂബ മൂന്നുമാസംകൂടി തടവിൽ

പി.ഡി.പി. അധ്യക്ഷ മെഹ്‌ബൂബ മുഫ്തിയുടെ തടവ് ജമ്മുകശ്മീർ ഭരണകൂടം മൂന്നുമാസത്തേക്കുകൂടി നീട്ടി. പൊതുസുരക്ഷാനിയമ (പി.എ.സി.) പ്രകാരമുള്ള തടവിന്റെ കാലാവധി ബുധനാഴ്ചയാണ് അവസാനിക്കേണ്ടത്.

ഔദ്യോഗികവസതിയായ ഫെയർവ്യൂ ബംഗ്ലാവ് സബ് ജയിലായി പ്രഖ്യാപിച്ച് അവിടെയാണ് അവരെ പാർപ്പിച്ചിരിക്കുന്നത്. അവർക്കൊപ്പം കസ്റ്റഡിയിലെടുത്ത നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ ഒട്ടേറെ രാഷ്ട്രീയക്കാർ ഇതിനകം മോചിതരായി.

content highlights: sajjad lone released