sylendra babu
ശൈലേന്ദ്രകുമാര്‍

ചെന്നൈ: പോലീസിനെ ഓടിനടന്ന്‌ നിയന്ത്രിക്കാൻ തമിഴ്‌നാട്ടിലെ പുതിയ ഡി.ജി.പി.ക്ക്‌ സാധിക്കുമെന്നുപറഞ്ഞാൽ ആരും അദ്‌ഭുതപ്പെടില്ല. കാരണം, പുതിയ ഡി.ജി.പി. സി. ശൈലേന്ദ്രബാബു (59) കായികക്ഷമതയിലും മുന്നിലാണ്. മാരത്തൺ അടക്കമുള്ള ഓട്ടമത്സരങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായ സി. ശൈലേന്ദ്രബാബു യുവ പോലീസുദ്യോഗസ്ഥർക്കും മാതൃകയാണ്. കായികക്ഷമതയെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുമുണ്ട്.

കന്യാകുമാരി സ്വദേശിയായ ശൈലേന്ദ്രബാബു 1987 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. മാരത്തൺ ഓട്ടക്കാരൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീനിലകളിലും പ്രശസ്തനാണ്. 2004-ൽ ബാങ്കോക്കിൽനടന്ന ഏഷ്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ രാജ്യത്തെ പ്രതിനിധാനംചെയ്തിട്ടുണ്ട്.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അധ്യാപകൻ കൂടിയാണ് മലയാളം നന്നായി അറിയാവുന്ന ശൈലേന്ദ്രബാബു. ഓട്ടത്തിനൊപ്പം സൈക്ലിങ്ങിലും കമ്പമുണ്ട്. ദീർഘദൂര സൈക്കിൾ സവാരി വിനോദമാണ്. തമിഴ്‌നാട് പോലീസിന്റെ തീരസംരക്ഷണവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ 2013-ൽ തീരസംരക്ഷണം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനുവേണ്ടി ചെന്നൈമുതൽ കന്യാകുമാരിവരെ 890 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു.

പോലീസ് അക്കാദമിയിലെ പരിശീലനത്തിനിടെ നീന്തൽ ചാമ്പ്യനായിരുന്നു. വ്യക്തിത്വവികസനം, സിവിൽ സർവീസ് പരീക്ഷ, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കന്യകുമാരി ജില്ലയിലെ കുഴിത്തുറ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് പഠിച്ചത്. പിന്നീട് കൃഷിശാസ്ത്രത്തിൽ ബിരുദവും ജനസംഖ്യാപഠനത്തിൽ ബിരുദാനന്തബിരുദവും നേടി. കാണാതാകുന്ന കുട്ടികളെക്കുറിച്ച് മദ്രാസ് സർവകലാശാലയിൽ പിഎച്ച്.ഡി. ചെയ്തു. 2013-ൽ 51-ാം വയസ്സിൽ എം.ബി.എ. പഠനവും പൂർത്തിയാക്കി.

sailendra babu

ഡി.ജി.പി. ജെ.കെ. ത്രിപാഠി ബുധനാഴ്ച വിരമിക്കുന്ന ഒഴിവിലാണ് റെയിൽവേ സുരക്ഷാവിഭാഗത്തിന്റെ ചുമതലവഹിക്കുന്ന ശൈലേന്ദ്രബാബുവിനെ നിയമിച്ചത്. വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനയിൽ അംഗമായിരുന്നു. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട്. മികവിനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരം പലതവണ നേടി. എ.എസ്.പി.യായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ചെന്നൈ ജോയിന്റ് കമ്മിഷണർ, തിരുച്ചി റേഞ്ച് ഡി.ഐ.ജി., കോയമ്പത്തൂർ സിറ്റി കമ്മിഷണർ, തീരസംരക്ഷണ വിഭാഗത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി., ജയിൽ ഐ.ജി. തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

content highlights: sailendra babu appointed as tamil nadu dgp