മുംബൈ: അംബാനി വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾവെച്ച സംഭവത്തിൽ അറസ്റ്റിലായ പോലീസ് ഓഫീസർ സച്ചിൻവാസേയുടെ വീടിനുമുന്നിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അദ്ദേഹത്തിന്റെതന്നെ പോലീസ് സംഘം എടുത്തുകൊണ്ടുപോയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കണ്ടെത്തി. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന സംശയത്തിൽ അതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 25-ന് മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾവെച്ച വാഹനം കണ്ടെത്തി രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് മുംബൈ പോലീസിലെ ക്രൈം ഇന്റലിജൻസ് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥർവന്ന് സി.സി.ടി.വി. രേഖകൾ എടുത്തുകൊണ്ടുപോയത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇവ കണ്ടുകെട്ടുകയാണെന്നു പറഞ്ഞ് ഹൗസിങ് സൊസൈറ്റി സെക്രട്ടറിക്ക് കത്തു നൽകിയതിനുശേഷമായിരുന്നു ഇത്.

വെള്ളക്കടലാസിൽ ധൃതി പിടിച്ചെഴുതിയ കത്ത് എൻ.ഐ.എ. കണ്ടെടുത്തിട്ടുണ്ട്. വാസേയുടെ സംഘാംഗമായിരുന്ന റിയാസ് കാസിയും പോലീസുകാരുടെ കൂട്ടത്തിലുണ്ടായിരുന്നു. കാസിയെ ചോദ്യംചെയ്തുവരികയാണ്. സ്വന്തം സംഘത്തിലെ പോലീസുകാരെ വിട്ട് വാസേ തന്നെയാണ് സി.സി.ടി.വി. റെക്കോഡുകൾ പിടിച്ചെടുത്തത് എന്നാണ് എൻ.ഐ.എ. കരുതുന്നത്.

സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനം വാസേയുടെ വീടിനുമുന്നിൽ നിർത്തിയിരിക്കാമെന്നും അതു മറയ്ക്കാനായാണ് സി.സി.ടി.വി. ദൃശ്യങ്ങൾ എടുത്തുമാറ്റിയതെന്നുമാണ് അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്. കൊല്ലപ്പട്ടെ മൻസുഖ് ഹിരേനിന്റെ വാഹനം മോഷ്ടിക്കപ്പെട്ടതല്ലെന്നും വാസേ കൊണ്ടുപോയതാണെന്നുമാണ് അതു സൂചിപ്പിക്കുന്നത്. സ്ഫോടകവസ്തുക്കൾ വെച്ചത് വാസേ നേരിട്ടാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

അംബാനി വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ട വാഹനത്തിനുസമീപം പി.പി.ഇ. കിറ്റ് ധരിച്ച ഒരാൾനിൽക്കുന്നത് അവിടുത്തെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഇത് സച്ചിൻ വാസേ ആണോ എന്ന് എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്.

സംഭവംനടക്കുന്ന സമയത്തും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട സമയത്തും താൻ സ്ഥലത്തില്ലായിരുന്നു എന്ന വാസേയുടെ വാദം ശരിയാണോ എന്നും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട മൻസുഖ് ഹിരേനുമായി പലയിടത്തുവെച്ചും വാസേ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

സ്ഫോടകവസ്തുക്കൾവെച്ച സംഭവത്തിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന വാസേയെ ഇതേ കേസിൽ ശനിയാഴ്ചയാണ് എൻ.ഐ.എ. അറസ്റ്റു ചെയ്തത്. മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിലും വാസേയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ വാസേയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സഹോദരൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

content highlights: Sachin Vaze's police unit took CCTV footage from his residence