ന്യൂഡൽഹി: ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ച് ജനുവരിയിൽ കേൾക്കാൻ സാധ്യത. സുപ്രീംകോടതി രജിസ്ട്രി ഇതുസംബന്ധിച്ച് അഭിഭാഷകർക്ക് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട പേപ്പർ ബുക്കിന്റെ നാലു കോപ്പികൾകൂടി ഉടൻ സമർപ്പിക്കണമെന്നും പുനഃപരിശോധനാ ഹർജികളെല്ലാം ജനുവരിയിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്നുമാണ് നോട്ടീസിൽ പറയുന്നത്. ക്രിസ്മസ്, പുതുവത്സര അവധിക്കുശേഷം ജനുവരി ആറിനാണ് സുപ്രീംകോടതി തുറക്കുക.

ശബരിമല പുനഃപരിശോധനാ ഹർജികൾ, അതിലെ നിയമപ്രശ്നങ്ങളിൽ വിശാല ബെഞ്ച് (ഈ കേസിൽ ഏഴോ അതിലേറെയോ അംഗങ്ങളുള്ള ബെഞ്ച്) തീർപ്പുണ്ടാക്കിയശേഷം പരിഗണിക്കാമെന്നായിരുന്നു നവംബർ 14-ന് സുപ്രീംകോടതി ഉത്തരവിട്ടത്. ശബരിമല യുവതീപ്രവേശവിലക്കിന് സാധുത നൽകിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനം അനുവദിക്കൽ) ചട്ടവും മുസ്‌ലിം, പാഴ്സി സമുദായങ്ങളിലെ സമാനമായ ചില വിഷയങ്ങളിലും പൊതുവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ വിശാല ബെഞ്ച് പരിഗണിക്കേണ്ടതാണെന്നാണ് നവംബർ 14-ന് അഞ്ചംഗ ബെഞ്ച് ഉത്തവിട്ടത്. അതിനുശേഷം ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ കേൾക്കുമെന്നും ഉത്തരവിൽ പറയുന്നു.

നവംബർ 14-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നോട്ടീസെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചത്. ആ ഉത്തരവിൽ ശബരിമലയ്ക്കുപുറമെ, മുസ്‌ലിം, പാഴ്സി മതങ്ങളിലെ ചില വിഷയങ്ങളും പരാമർശിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച അഭിഭാഷകർക്ക് രജിസ്ട്രിയിൽനിന്ന് ലഭിച്ച നോട്ടീസിൽ ശബരിമല പുനഃപരിശോധനാ ഹർജികളുടെ കാര്യം മാത്രമേ പറയുന്നുള്ളൂ.

മുസ്‌ലിം, പാഴ്‌സി വിഷയങ്ങൾ സുപ്രീംകോടതിയുടെ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതിനാൽ അവ വിശാലബെഞ്ചിന് വിടണമെന്ന വ്യക്തമായ ഉത്തരവായിരുന്നില്ല നവംബർ 14-ലേത്. മറിച്ച് ആ വിഷയങ്ങൾ വിശാലബെഞ്ചിന് പോകേണ്ടതാണ് എന്നുമാത്രമാണ് പറഞ്ഞിരുന്നത്. ഇക്കാരണത്താലാകാം രജിസ്ട്രിയുടെ നോട്ടീസിൽ ശബരിമല വിഷയം മാത്രം പറയുന്നത്.

നോട്ടീസിൽ പറയുന്നതുപോലെ വിശാല ബെഞ്ച് ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ അതിന് മുൻപായി ഒരുപക്ഷേ, ഇതേ ബെഞ്ചുതന്നെ പൊതുവായ നിയമപ്രശ്നങ്ങളിലും തീർപ്പുണ്ടാക്കിയേക്കും.

നവംബർ 14-ന് സുപ്രീംകോടതി പറഞ്ഞത്

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ഷിയാ മുസ്‌ലിങ്ങൾക്കിടയിലെ ദാവൂദി ബോറ വിഭാഗത്തിലെ പെൺകുട്ടികളിലെ ചേലാകർമം എന്നീ വിഷയങ്ങളാണ് സുപ്രീംകോടതിയുടെ വിവിധ ബെഞ്ചുകൾ പരിഗണിച്ചുവരുന്നത്. ഈ കേസുകളിലും ശബരിമലയിലും പൊതുവായ ചോദ്യങ്ങൾ നിലനിൽക്കുന്നു. അവ വിശാല ബെഞ്ചിന് വിടാനുള്ള സാധ്യത തള്ളാനാവില്ല. അങ്ങനെ വിടുകയാണെങ്കിൽ പരിഗണിച്ചേക്കാവുന്ന നിയമപരമായ ചോദ്യങ്ങൾ എന്തായിരിക്കാമെന്നും ഉത്തരവിലുണ്ട്.

Content Highlights: sabarimala women entry review petition; supreme court hearing may be start on january