ന്യൂഡല്‍ഹി: ശബരിമലവിഷയം വിശാലബെഞ്ചിനു വിട്ടതിനാല്‍ 2018-ലെ യുവതീപ്രവേശവിധി അവസാനവാക്കല്ലെന്ന് സുപ്രീംകോടതി. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വാക്കാല്‍ നിരീക്ഷിച്ചത്.

ശബരിമലവിധിയിലെ നിയമപരമായ വിഷയങ്ങളില്‍ വിശാലബെഞ്ച് തീരുമാനമെടുക്കുംവരെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ നിരീക്ഷണം. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കുശേഷം ആദ്യമായി സന്നിധാനത്തെത്തിയ രണ്ടു സ്ത്രീകളിലൊരാളാണ് ബിന്ദു അമ്മിണി. രഹ്‌നാ ഫാത്തിമയും ശബരിമലയില്‍ പോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പോലീസ് കമ്മിഷണര്‍ ഓഫീസിന്റെ പുറത്തുവെച്ച് ബിന്ദു അമ്മിണിക്കുനേരെ രാസവസ്തുക്കള്‍ എറിഞ്ഞ് ആക്രമണം നടത്തിയെന്ന് അവർക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് വ്യാഴാഴ്ച സുപ്രീംകോടതിയില്‍ പറഞ്ഞു. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടുത്തയാഴ്ച മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിലെത്തുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ്‌ ബിന്ദുവിന്റെ ആവശ്യം. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക്‌ തടസ്സമുണ്ടാക്കുന്നത് സംസ്ഥാനസര്‍ക്കാരോ മറ്റേതെങ്കിലും ഏജന്‍സിയോ ആണെങ്കിലും നടപടിവേണം. യുവതീപ്രവേശമനുവദിച്ചുള്ള സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രാദേശിക-ദേശീയതലങ്ങളിൽ പ്രചാരണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Content Highlights: Sabarimala verdict on entry of women not the last word, says Chief Justice Bobde