ന്യൂഡൽഹി: ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി വ്യാഴാഴ്ച സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിന് തടസ്സംനിന്നുവെന്ന ഹർജിക്കൊപ്പം, യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് നടയടച്ചത് കോടതിയലക്ഷ്യമാണെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടും.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവർമ രാജ എന്നിവർക്കെതിരേ എ.വി. വർഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.

വിധിക്കെതിരായ പരാമർശങ്ങൾ ക്രിയാത്മകവിമർശനമാണെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതി രജിസ്ട്രിയിൽ നേരിട്ട് ഹർജികൾ ഫയൽ ചെയ്യുകയായിരുന്നു. ഹർജികൾ ലിസ്റ്റ് ചെയ്ത് വാദം കേൾക്കണോ അതോ തള്ളണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

അതിനിടെയാണ്, പുതിയ സാഹചര്യങ്ങൾകൂടി ചൂണ്ടിക്കാട്ടി ഹർജി ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ 22-ന് തുറന്ന കോടതിയിൽ കേൾക്കാനിരിക്കുന്നതിനാൽ കോടതിയലക്ഷ്യ ഹർജി വേഗം കേൾക്കണമെന്ന ആവശ്യത്തിൽ കോടതി എന്തുനിലപാടെടുക്കുമെന്ന് വ്യക്തമല്ല.

ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവർമ രാജ കത്തെഴുതിയെന്ന മാധ്യമറിപ്പോർട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികൾ കയറിയാൽ നടയടയ്ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു.

വിധിക്കെതിരായ പരാമർശം നടത്തിയതിനാണ് പി.എസ്. ശ്രീധരൻ പിള്ള, മുരളീധരൻ ഉണ്ണിത്താൻ, കൊല്ലം തുളസി എന്നിവർക്കെതിരേ കോടതിയലക്ഷ്യ ഹർജി നൽകുന്നത്.

content highlights: sabarimala thanthri,supreme court,sabrimala