ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദർശനത്തിന് യുവതികൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഇപ്പോൾ ഉത്തരവിടുന്നില്ലെന്ന് സുപ്രീംകോടതി.

പ്രശ്‌നം അങ്ങേയറ്റം വൈകാരികമാണെന്നും വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിടാൻ വിസമ്മതിച്ചത്. ശബരിമല വിധിയിലെ നിയമപരമായ വിഷയങ്ങളിൽ വിശാലബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ ബെഞ്ച് നിർദേശിച്ചു. വിശാലബെഞ്ച് ഉടൻ രൂപവത്കരിക്കുമെന്നും വ്യക്തമാക്കി.

ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്‌ന ഫാത്തിമയും നൽകിയ ഹർജികളിലാണ് ജഡ്ജിമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരുമടങ്ങിയ ബെഞ്ച് ഉത്തരവിടാൻ വിസമ്മതിച്ചത്. ശബരിമലയിലേത് ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ആചാരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിൽ ഹർജിക്കാർക്ക് അനുകൂലമായി ഉത്തരവിടാനാകില്ല. വിശാലബെഞ്ചിന്റെ തീരുമാനം അനുകൂലമായാൽ യുവതികൾക്ക് ശബരിമല ദർശനത്തിന് സംരക്ഷണം നൽകാൻ ഉത്തരവിടാമെന്നും ബെഞ്ച് പറഞ്ഞു.

കോടതിനടപടി തെറ്റായസന്ദേശം നൽകുമെന്ന് രഹ്‌ന ഫാത്തിമയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് ബോധിപ്പിച്ചു. യുവതീപ്രവേശം അനുവദിച്ചുള്ള 2018 സെപ്റ്റംബർ 28-ലെ വിധിയിലെ നിയമപരമായ വിഷയങ്ങൾ വിശാലബെഞ്ചിന് വിട്ടതുവഴി വിധിക്ക് സ്റ്റേ നൽകിയതായി കണക്കാക്കാനാവില്ലെന്ന് ബിന്ദു അമ്മിണിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് വാദിച്ചു. വിധിക്ക് സ്റ്റേയില്ലെന്ന് മറുപടിനൽകിയ ചീഫ് ജസ്റ്റിസ് നിയമം ഹർജിക്കാർക്ക് അനുകൂലമാണെന്നും നിരീക്ഷിച്ചു. എന്നാൽ, രാജ്യത്തെ നിലവിലുള്ള സ്ഥിതി വളരെ സ്‌ഫോടനാത്മകമാണ്. ഇത് അത്തരത്തിലൊരു വിഷയമാണ്. അത് വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. ആരുടെയും അവകാശങ്ങൾ നിഷേധിക്കില്ല. വളരെ വൈകാരികമായ പ്രശ്‌നമായതുകൊണ്ടാണ് വിശാലബെഞ്ചിന് വിട്ടത്.

ഹർജിക്കാർക്ക് സ്വമേധയാ ശബരിമലയിൽ പോകുന്നതിന് തടസ്സമില്ല. അവർ അവിടെ പോകുന്നതിലും പ്രാർഥിക്കുന്നതിലും കോടതിക്ക് എതിർപ്പില്ല. പോലീസ് സംരക്ഷണത്തിന് ഉത്തരവിടാത്തത് സുപ്രീംകോടതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭീഷണിയെത്തുടർന്ന് കഴിഞ്ഞവർഷം ബിന്ദുവിന് നൽകിയ സുരക്ഷ തുടരണമെന്ന ഇന്ദിരാ ജെയ്‌സിങ്ങിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഭീഷണിയുള്ളതിനാൽ രഹ്‌നയ്ക്കും സുരക്ഷ നൽകണമെന്ന് കോളിൻ ഗൊൺസാൽവസ് ആവശ്യപ്പെട്ടു. രഹ്‌ന സുരക്ഷ ആവശ്യപ്പെട്ടാൽ അക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.

Content Highlights: Sabarimala- SC declines to pass any order for safe entry of women