ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരേ സമർപ്പിച്ച 49 പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിൽ (അടച്ചിട്ട കോടതിയിൽ) പരിശോധിക്കും. അതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹർജികൾ തുറന്നകോടതിയിലും കേൾക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാണ് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുക. ചേംബറിൽ വെച്ചുതന്നെ ഹർജികൾ തള്ളാനോ തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.

കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയിൽ കേൾക്കുക. അങ്ങനെയെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയിൽ കേൾക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയിൽ കേൾക്കാതെ വിധിയിൽ മാറ്റംവരുത്താനാകില്ല.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, റോഹിങ്ടൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുക. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ചേംബറിൽ പ്രവേശനമുണ്ടാവില്ല. കേസിൽ നേരത്തേ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് സ്ത്രീപ്രവേശത്തിന് എതിരായ വിധിയെഴുതിയത്.

ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ നാല് റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് കേൾക്കുന്നത്. റിട്ട് ഹർജിയിൽ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകൾ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹർജികൾ തള്ളുന്നില്ലെങ്കിൽ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്‌തേക്കാം.

പുനഃപരിശോധനാ ഹർജികളുടെ സാധ്യതകൾ

1. ഹർജികൾ ചേംബറിൽ വെച്ചുതന്നെ തള്ളാം.

2. ഹർജികളിൽ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാൽ തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കാം.

3. തുറന്ന കോടതിയിൽ വാദം കേൾക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല.

റിട്ട് ഹർജികളുടെ സാധ്യതകൾ

1. റിട്ട് ഹർജിയിലെ വിധിക്കെതിരായ ഹർജികളായതിനാൽ തള്ളാം.

2. പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കേൾക്കാൻ തീരുമാനിക്കാം. അതിനാൽ, പുനഃപരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം.

3. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാൽ, വിശാല ബെഞ്ചിന് വിടാം.