: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇതുൾപ്പെടെ സമാനമായ കേസുകളിലെ പൊതുവായ ചോദ്യങ്ങൾക്ക് വിശാല ബെഞ്ചിൽനിന്ന് മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഏഴോ അതിലേറെയോ ജഡ്ജിമാരുള്ള വിശാലബെഞ്ചാകും പൊതുവായ നിയമവിഷയങ്ങൾ പരിശോധിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവെക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കി. യുവതീപ്രവേശവിധി സ്റ്റേ ചെയ്തിട്ടുമില്ല. അതിനാൽ, പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച 2018-ലെ വിധി നിലനിൽക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. അതേസമയം, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാഹർജികൾ തള്ളിക്കൊണ്ട് പഴയവിധി നടപ്പാക്കണമെന്ന് ന്യൂനപക്ഷ വിധിയെഴുതി. ശബരിമലവിഷയം മാത്രമാണ് അഞ്ചംഗബെഞ്ചിനു മുന്നിലുള്ളതെന്നും മറ്റു കേസുകളിൽ അതത് ബെഞ്ചുകൾ എന്തു നിലപാടെടുക്കുമെന്നത് ഈ ബെഞ്ചിന്റെ വിഷയമല്ലെന്നും അവർ ന്യൂനപക്ഷവിധിയിൽ പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശവിലക്കിനു സാധുത നൽകിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശം അനുവദിക്കൽ) ചട്ടം, മുസ്‌ലിംസ്ത്രീകൾക്കുള്ള പള്ളിവിലക്ക്, സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്‌സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്ക്, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം തുടങ്ങിയ വിഷയങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക.

വിശാലബെഞ്ചിനു വിട്ടതോടെ ശബരിമല വിഷയത്തിലെ നിയമപോരാട്ടം ഇനിയും നീണ്ടുപോകുമെന്നുറപ്പായി. ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചുണ്ടാക്കുകയും വിവിധ കേസുകളിലെ സമാനവിഷയങ്ങൾ അതിലേക്കു വിടുകയും വേണം. ഈ കേസുകളിലെ പൊതുവായ നിയമപ്രശ്നങ്ങളിൽ വിശാലബെഞ്ച് തീരുമാനമെടുത്തശേഷമേ ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധിപറയാനാകൂ.

ജസ്റ്റിസ് ഖാൻവിൽകർ നിലപാടു മാറ്റി

2018-ൽ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് യുവതീപ്രവേശത്തെ എതിർത്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുപകരം ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് വിശാലബെഞ്ചിനു വിടണമെന്ന് അഭിപ്രായപ്പെട്ടു. 2018-ലെ വിധിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച ജസ്റ്റിസ് ഖാൻവിൽകർ നിലപാടു മാറ്റി. വിഷയം വിശാലബെഞ്ചിനു വിടണമെന്ന്‌ അദ്ദേഹവും നിലപാടെടുത്തു.

വിശാലബെഞ്ചിലേക്കു വിടാൻ കാരണം

ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വേറെയും കേസുകൾ സുപ്രീംകോടതിയിൽ തീർപ്പാവാതെയുണ്ട്. ഈ കേസുകളിലും ശബരിമലയിലും പൊതുവായ ചോദ്യങ്ങൾ നിലനിൽക്കുന്നു. ശിരൂർ മഠം കേസിലെ ഏഴംഗബെഞ്ചിന്റെ വിധിയും അജ്മേർ ദർഗക്കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇതെല്ലാമാണ് വിശാലബെഞ്ച് എന്ന തീരുമാനത്തിലേക്കെത്തിച്ചത്.

ഏഴിലേറെ ജഡ്ജിമാരുള്ള ബെഞ്ചിനു സാധ്യത

ഭരണഘടനയെ വ്യാഖ്യാനം ചെയ്യുന്ന വിഷയങ്ങൾ ചുരുങ്ങിയത് അഞ്ചംഗബെഞ്ചെങ്കിലും പരിഗണിക്കണമെന്ന നിബന്ധന 1950-ലാണു വന്നത്. അന്ന്, സുപ്രീംകോടതിയിൽ ഏഴു ജഡ്ജിമാരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 34 പേരുണ്ട്. യു.എസിലും മറ്റും ഫുൾകോർട്ട് (മുഴുവൻ ജഡ്‌ജിമാരും) ഇരുന്നാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. അതുപോലല്ലെങ്കിലും പരമാവധി ജഡ്ജിമാർ ഇരുന്ന് ആധികാരികമായ തീരുമാനമെടുക്കുന്നതാകും ഉചിതമെന്ന് വിധിയിൽ പറയുന്നു. ഈ വിധിയിൽത്തന്നെ പറയുന്ന ശിരൂർ മഠം കേസിന്റെ വിധി പറഞ്ഞത് ഏഴംഗ ബെഞ്ചാണ്. അതുകൊണ്ടുതന്നെ ഏഴിലേറെ അംഗങ്ങളുള്ള ബെഞ്ചിലേക്ക് ശബരിമല വിഷയം പോയേക്കും.

വിശാല ബെഞ്ചിലേക്കു പോകുന്ന വിഷയങ്ങൾ

1. തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം

2. മതാനുഷ്ഠാനത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25(1) വകുപ്പിൽ പറയുന്ന പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവ വിവക്ഷിക്കുന്നത് എന്താണ്?

3. ധാർമികത അല്ലെങ്കിൽ ഭരണഘടനാധാർമികത എന്നത് ഭരണഘടനയിൽ പറയുന്നില്ല. അത് മതവിശ്വാസവുമായിമാത്രം ബന്ധപ്പെട്ടതാണോ?

4. ആചാരങ്ങൾ മതത്തിന്റെയോ പ്രത്യേക വിശ്വാസിസമൂഹത്തിന്റേയോ വേർപിരിക്കാനാവാത്ത ഘടകമാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം. ഇത് ആ സമുദായത്തിന്റെ മേധാവികൾമാത്രം തീരുമാനിക്കേണ്ടതാണോ?

5. ഭരണഘടനയുടെ 25(2)(ബി)യിൽ പറയുന്ന ‘ഹിന്ദുക്കളിലെ വിഭാഗങ്ങൾ’ എന്നതിന്റെ അർഥമെന്താണ്?

6. പ്രത്യേക വിശ്വാസിസമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ 26-ാം വകുപ്പുപ്രകാരമുള്ള സംരക്ഷണമുണ്ടോ?

7. വിശ്വാസിസമൂഹത്തിന്റെ മതാചാരങ്ങൾ അതിനുപുറത്തുള്ളവർ പൊതുതാത്പര്യഹർജിയിലൂടെ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം.

Content Highlights: Sabarimala Malayalam news, Sabarimala live, Sabarimala Women Entry,Sabarimala live updates, Sabarimala supreme court verdict