ശബരിമല സ്ത്രീപ്രവേശകേസിലേതുപോലെ സമാനമായ വിഷയങ്ങൾ മറ്റു കേസുകളിലുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി. സമാനമായ വിഷയങ്ങളുള്ള ഈ കേസുകളിലെ പൊതുവായ ചോദ്യങ്ങളെല്ലാം വിശാല ബെഞ്ചിന് വിടണമെന്നും കോടതി പറഞ്ഞു. ഭരണഘടനാ ബെഞ്ച് പരാമർശിച്ച ഓരോ കേസുകളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും പരിശോധിക്കാം.

1. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം

പുണെയിലെ ദമ്പതിമാരായ സുബേർ അഹമ്മദ് നസീർ, യാസ്മീൻ സുബേർ അഹമ്മദ് എന്നിവരാണ് സ്ത്രീകളുടെ പള്ളിപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഈമാസം അഞ്ചിനാണ് കേസ് ഒടുവിൽ പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ എതിർകക്ഷികൾക്ക് നിർദേശം നൽകിയിരുന്നു. നാലാഴ്ച സമയം വേണമെന്നു പറഞ്ഞ കക്ഷികളോട്, പറ്റില്ലെന്നും പത്ത് ദിവസത്തിനകംതന്നെ മറുപടി നൽകണമെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. മാത്രമല്ല, അങ്ങനെ തീരുമാനിക്കാൻ മറ്റൊരു കാരണമുണ്ടെന്നും കോടതി പറഞ്ഞതോടെ, ശബരിമല കേസിന്റെ വിധിയുമായി അതിന് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുയർന്നു. വ്യാഴാഴ്ചത്തെ വിധി അത് ശരിവെക്കുകയും ചെയ്തു.

2. പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം

അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീയെ ഗുജറാത്തിലെ അവരുടെ ക്ഷേത്രത്തിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഗൂൾരുഖ് ഗുപ്ത എന്ന സ്ത്രീയെ, അന്യമതസ്ഥനെ വിവാഹം കഴിച്ചതിനെത്തുടർന്ന് പാഴ്‌സി ക്ഷേത്രത്തിൽ വിലക്കിയത് ചോദ്യംചെയ്തായിരുന്നു ഹർജി. അതിൽ പാഴ്‌സി സ്ത്രീക്ക് ക്ഷേത്രത്തിൽ കയറാമെന്ന് അഞ്ചംഗ ബെഞ്ച് 2017 ഡിസംബർ 14-ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ കേസ് അവിടെ അവസാനിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെല്ലാം 2018 ജനുവരി ഒന്നിന് പരിഗണിക്കാനായി മാറ്റി. എന്നാൽ പിന്നീട് കേസ് സുപ്രീംകോടതി പരിഗണിച്ചതായി കാണുന്നില്ല.

3. ദാവൂദി ബോറ പെൺകുട്ടികളിലെ ചേലാകർമം

ഷിയാ മുസ്‌ലിങ്ങളിലെ വളരെ ന്യൂനപക്ഷമായൊരു വിഭാഗമാണ് ദാവൂദി ബോറ. അതിലെ പെൺകുട്ടികളെ ചേലാകർമത്തിന് വിധേയമാക്കുന്നത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി 2018 സെപ്റ്റംബർ 24-ന് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. പിന്നീട് ഈ കേസ് പരിഗണിച്ചിട്ടില്ല. അഡ്വ. സുനിത തിവാരിയാണ് ഹർജി നൽകിയത്. ദാവൂദി ബോറ വിഭാഗത്തിന്റെ അനിവാര്യമായ ആചാരമാണിതെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദത്തെ കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്തുണച്ചിരുന്നു.

Content Highlights: Sabarimala Malayalam news, Sabarimala live, Sabarimala Women Entry,Sabarimala live updates, Sabarimala supreme court verdict