ന്യൂഡൽഹി: നിയമപരമായ ചില ചോദ്യങ്ങൾക്ക് വിശാലബെഞ്ചിന്റെ (ചുരുങ്ങിയത് ഏഴു ജഡ്ജിമാരുള്ളത്) തീരുമാനം വന്നശേഷമേ ശബരിമലയിലെ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കൂവെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി.

ഏതെല്ലാം കേസിലെ സമാനവിഷയങ്ങളാണ് വിശാലബെഞ്ചിനു പോകേണ്ടതെന്നും വിധിയിൽ പറയുന്നു. എന്നാൽ, ആ കേസുകൾ വിശാലബെഞ്ചിനു വിടുന്നതല്ല വ്യാഴാഴ്ചത്തെ വിധി. കാരണം മറ്റു ബെഞ്ചുകൾ പരിഗണിക്കുന്ന വിഷയത്തിൽ ഈ ബെഞ്ചിനു തീരുമാനമെടുക്കാനാവില്ല. അതു ചെയ്യേണ്ടത് അതത് ബെഞ്ചുകളാണ്.

എങ്കിൽ, വ്യാഴാഴ്ചത്തെ വിധിയിൽ സംഭവിച്ചതെന്ത് എന്നു ചോദിച്ചാൽ, സമാനമായ മറ്റു കേസുകൾ ‍(മുസ്‌ലിം, പാഴ്‌സി, ദാവൂദി ബോറ) പരിഗണിക്കുന്ന ബെഞ്ചുകൾക്കുള്ള പരോക്ഷമായൊരു നിർദേശം മാത്രമാണ്‌ നൽകുന്നത്. സമാനമായ വിഷയങ്ങൾ ഒരേകോടതിയിൽ നിലനിൽക്കുന്നെങ്കിൽ പാലിക്കേണ്ട ജുഡീഷ്യൽ അച്ചടക്കത്തെക്കുറിച്ചും പറയുന്നുണ്ട്.

അതിനർഥം, ആ ബെഞ്ചുകൾ പ്രസ്തുത കേസുകളിലെ നിയമപരമായ വിഷയങ്ങൾ വിശാലബെഞ്ചിനു വിടാനായി ചീഫ് ജസ്റ്റിസിന്‌ റഫർ ചെയ്യുക. അതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് വിശാലബെഞ്ചുണ്ടാക്കി വാദം കേട്ട് വിധിപറയും. അതിന്റെ അടിസ്ഥാനത്തിൽ ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ അതതു ബെഞ്ചുകൾതന്നെ അന്തിമവിധിപറയും.

Content Highlights: Sabarimala Malayalam news, Sabarimala live, Sabarimala Women Entry,Sabarimala live updates, Sabarimala supreme court verdict