ന്യൂഡൽഹി: ശബരിമലയിൽ ബി.ജെ.പി. പിന്തുണയോടെയുള്ള സമരം അക്രമാസക്തമായതോടെ വിഷയത്തിൽ ജാഗ്രതയോടെ സി.പി.എം. കേന്ദ്രനേതൃത്വവും. സ്ത്രീപ്രവേശ വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്ന തിരിച്ചറിവിലാണ് സി.പി.എമ്മിന്റെയും നീക്കം.

ശബരിമല സമരത്തിൽ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും പാർട്ടി വിലയിരുത്തുന്നു. ഇത് കോൺഗ്രസിലെ മതേതരവിശ്വാസികളെ ആ പാർട്ടിയിൽ നിന്നകറ്റുമെന്നും സി.പി.എം. വിലയിരുത്തുന്നു. അവരെ ഇടതുപക്ഷത്തിനൊപ്പം അണിനിരത്താനുള്ള തന്ത്രം പാർട്ടി ആവിഷ്കരിക്കും.

ബി.ജെ.പി. രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതായുള്ള തിരിച്ചറിവിലാണ് സി.പി.എം. ബോധവത്കരണ - പ്രചാരണ പരിപാടികളുമായി ഇറങ്ങാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിരുന്നു.

ഇതിനിടെ, ശബരിമല വിഷയത്തിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള രംഗത്തെത്തി. കേരളത്തിൽ മതേതര -ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളിവർഗത്തിനും വലിയ സംഭാവനയുണ്ടെന്നും അതു തകർക്കുകയാണ് ആർ.എസ്.എസ് - ബി.ജെ.പി. ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി മുഖവാരികയായ പീപ്പിൾസ് ഡെമോക്രസിയിലെ ലേഖനത്തിലാണിത്. ഇരുണ്ട യുഗത്തിലേക്കു കേരളസമൂഹത്തെ പിന്തിരിഞ്ഞു നടത്താനാണ് സംഘപരിവാർ ശ്രമം. ഇതിനെ കോൺഗ്രസും യു.ഡി.എഫും സഹായിക്കുന്നതായും അദ്ദേഹം ആരോപിച്ചു.