ശബരിമല യുവതീപ്രവേശവിധിക്കെതിരേ 42 പുനഃപരിശോധനാ ഹർജികളാണ് വെള്ളിയാഴ്ചവരെ സുപ്രീംകോടതിയിലെത്തിയത്. ഇവയ്ക്കുപുറമേ മൂന്ന് റിട്ട് ഹർജികൾകൂടി നവംബർ 13-ന് സുപ്രീംകോടതി കേൾക്കും. സ്ത്രീപ്രവേശ വിധിയെത്തുടർന്ന് കലുഷമായ ശബരിമലയിലെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാൻ പരമോന്നത നീതിപീഠം ഇടപെടുമോ? അതോ, നവംബർ 13-നുശേഷം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമോ? ഏതെങ്കിലും കേസിൽ ഇത്രയേറെ പുനഃപരിശോധനാ ഹർജികൾ എത്തിയിട്ടുണ്ടോയെന്നുപോലും സംശയിക്കുമ്പോൾ ഇനിയുള്ള സാധ്യതകൾ ചർച്ചചെയ്യുകയാണ് നിയമലോകം.
തുറന്ന കോടതിയിൽ കേൾക്കുമോ?
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഇളവ് ചെയ്തതിനെതിരായ പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കാൻ തീരുമാനിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആണ് ഇപ്പോൾ ചീഫ് ജസ്റ്റിസ്. ശബരിമലക്കേസിലെ പുനഃപരിശോധനാ ഹർജികളും തുറന്ന കോടതിയിൽ കേൾക്കണോ അതോ ചേംബറിൽ പരിശോധിച്ചാൽ മതിയോ എന്നതിൽ ചീഫ് ജസ്റ്റിസിന്റെ തീരുമാനം നിർണായകമാകും.
കേസിൽ വിധിപറഞ്ഞ ബെഞ്ചിലെ ജഡ്ജിമാർ ചേംബറിലാണ് പുനഃപരിശോധനാ ഹർജികൾ ആദ്യം പരിശോധിക്കുക. തുറന്നകോടതിയിൽ കേൾക്കാൻ യോഗ്യതയുണ്ടെന്ന് ബെഞ്ചിൽ ഭൂരിപക്ഷാഭിപ്രായം വന്നാൽ അങ്ങനെ ചെയ്യും. ശബരിമലക്കേസിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനെത്തുടർന്ന് ബെഞ്ചിൽ പകരമെത്തിയത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് തന്നെയായതിനാൽ തുറന്ന കോടതിക്കു വിടുന്നതിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് മുൻതൂക്കമുണ്ടാകുമെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
തുറന്നകോടതിയിൽ വാദംകേട്ടാൽ കക്ഷികൾക്ക് അവരുടെ വാദമുഖങ്ങൾ സമർഥിക്കാൻ കൂടുതൽ അവസരം ലഭിക്കും. പുനഃപരിശോധനാ ഹർജികളിലേറെയും നൽകിയത് കേസിൽ നേരത്തേ കക്ഷികളല്ലാത്തവരാണ്. പുനഃപരിശോധനാഹർജി നൽകാത്ത സംസ്ഥാനസർക്കാരിനും ദേവസ്വം ബോർഡിനും പുതിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കാനും തുറന്ന കോടതിയിലാണെങ്കിൽ അവസരമുണ്ടാകും.
ചേംബറിൽ പരിശോധിച്ചാൽ
ബഹുഭൂരിഭാഗം പുനഃപരിശോധനാ ഹർജികളും ജഡ്ജിമാരുടെ ചേംബറിൽ തീരുമാനമെടുക്കുകയാണ് പതിവ്. ശബരിമലക്കേസിലും അത് മതിയെന്ന് കോടതിക്ക് തീരുമാനിക്കാം. ഭൂരിപക്ഷ നിലപാടാകും വിധി. നേരത്തേ അഞ്ചംഗ ബെഞ്ചിലെ നാലു ജഡ്ജിമാരാണ് സ്ത്രീപ്രവേശത്തെ അനുകൂലിച്ചത്. അതിലെ ജസ്റ്റിസ് ദീപക് മിശ്രയ്ക്കുപകരമെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് അഭിപ്രായം വ്യത്യസ്തമാണെങ്കിൽപ്പോലും 3:2 ഭൂരിപക്ഷത്തിൽ പഴയ വിധി നിലനിൽക്കും. നേരത്തേ ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്കുപുറമേ രണ്ടുജഡ്ജിമാർകൂടി യുവതീപ്രവേശത്തെ എതിർത്താൽ മാത്രമേ വിധിയിൽ മാറ്റമുണ്ടാകൂ.
ഹർജികൾ ചേംബറിൽ പരിശോധിച്ച് തള്ളുകയാണെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളും ക്രമസമാധാനപ്രശ്നങ്ങളും കണക്കിലെടുത്ത് വിധി നടപ്പാക്കുന്നതുസംബന്ധിച്ച് കോടതി ചില നിർദേശങ്ങൾ നൽകാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. വിധിക്കുശേഷമുള്ള സാഹചര്യങ്ങൾ ചില ഹർജികളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാധ്യമറിപ്പോർട്ടുകളും കോടതിക്കുവേണമെങ്കിൽ കണക്കിലെടുക്കാം.
പുനഃപരിശോധനാ ഹർജിയും തള്ളിയാൽ
കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിൽ കോടതിക്ക് വ്യക്തമായ പിഴവ് സംഭവിച്ചുവെന്ന് ബോധ്യപ്പെടുത്താനായാൽ മാത്രമാണ് പുനഃപരിശോധനാ ഹർജികൾ സാധാരണഗതിയിൽ പരിശോധിക്കുക. ഹർജി തള്ളിയാൽ പിന്നെയുള്ള സാധ്യത തിരുത്തൽ ഹർജിയാണ്. 2002-ലെ രൂപ അശോക് ഹൂഡ കേസിലെ സുപ്രീംകോടതിവിധിയിലാണ് തിരുത്തൽ ഹർജി സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ പറയുന്നത്. വിധിയിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും ന്യായാധിപന്റെ പക്ഷപാതം തന്നെ ബാധിച്ചെന്നും പരാതിക്കാരന് തെളിയിക്കാനാകണം. ചേംബറിൽ തന്നെയാണ് തിരുത്തൽ ഹർജിയും പരിഗണിക്കാറ്. സൗമ്യക്കേസിൽ പുനഃപരിശോധനാഹർജിയും തിരുത്തൽ ഹർജിയും തള്ളിയിരുന്നു.
റിട്ട് ഹർജികൾ
ശബരിമലക്കേസിലെ വിധിക്കെതിരേ നൽകിയ മൂന്ന് റിട്ട് ഹർജികളും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ 13-ന് തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധിപറഞ്ഞ കേസിൽ സാധാരണമായി പുനഃപരിശോധനാ ഹർജികളാണ് നൽകേണ്ടത് എന്നിരിക്കെ റിട്ട് ഹർജികളെ ബെഞ്ച് എങ്ങനെ കാണുമെന്ന് വ്യക്തമല്ല. ഹർജികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ അഞ്ചംഗ ബെഞ്ചിനുതന്നെ വിടാനുള്ള സാധ്യതയും തള്ളാനാവില്ല. ഇതേവിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ അന്നുതന്നെ പരിശോധിക്കാനിരിക്കെ റിട്ട് ഹർജികളിൽ കോടതിക്ക് എങ്ങനെ തീരുമാനമെടുക്കാനാകുമെന്നതാണ് ചോദ്യം. ചില ചോദ്യങ്ങൾക്കെങ്കിലും നവംബർ 13-ന് ഉത്തരം ലഭിച്ചേക്കും.