srpന്യൂഡൽഹി: ശബരിമല തീർഥാടനം തടസ്സപ്പെടുത്തി ബി.ജെ.പി. തങ്ങളുടെ ഹീനമായ രാഷ്ട്രീയപദ്ധതി നടപ്പാക്കുകയാണെന്നു സി.പി.എം. പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ശബരിമലയുടെ നിയന്ത്രണം വരുതിയിലാക്കി ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പി.ബി. പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

നവംബർ 14-നു ബി.ജെ.പി.യുടെ കണ്ണൂർ ജില്ലാകമ്മിറ്റി നൽകിയ സർക്കുലറോടെ അവരുടെ ഹീനപദ്ധതി വെളിച്ചത്തായി. ജില്ലയിലെ നാലു മേഖലകളിൽ നിന്നും പരിശീലനം ലഭിച്ച 200 പ്രവർത്തകരെ ഡിസംബർ 13-നു ശബരിമലയിലേക്ക്‌ അയക്കണമെന്നാണ് സർക്കുലറിലെ ആവശ്യം. ‘അത്യാവശ്യസാധനങ്ങൾ’ നിറച്ച സഞ്ചി കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഘടകം പരിശീലനം ലഭിച്ച പ്രവർത്തകരെ ‘അത്യാവശ്യ സാധന’ങ്ങളുമായി ശബരിമലയ്ക്ക് അയക്കാൻ പദ്ധതിയിട്ടതു ഗൗരവമായി കാണണം. ക്ഷേത്രത്തിന്റെ പരിശുദ്ധി തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണം -പി.ബി. പ്രസ്താവനയിൽ പറഞ്ഞു.

താലിബാൻ-ഖലിസ്താൻ ഭീകരരുടെ രീതിയിലാണ് ആർ.എസ്.എസ്. പെരുമാറുന്നതെന്ന് വാർത്താ ഏജൻസിയോട് സംസാരിക്കവേ പി.ബി. അംഗം എസ്. രാമചന്ദ്രൻ പിള്ളയും കുറ്റപ്പെടുത്തി. “ എന്തിനാണ് ആർ.എസ്.എസ്. ശബരിമലയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്? അവിടെ ശാന്തമായിരിക്കാൻ അനുവദിക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതിനു തയ്യാറാവുന്നില്ല” -അദ്ദേഹം പറഞ്ഞു.