ന്യൂഡല്‍ഹി: റബ്ബര്‍ പുരുനരുജ്ജീവനപദ്ധതിക്കായി സംസ്ഥാനസര്‍ക്കാറിന് 500 കോടി രൂപ അനുവദിക്കുന്നതിനുള്ള ശുപാര്‍ശ ധനകാര്യമന്ത്രാലയത്തിനു കൈമാറുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
എം.പി. മാരായ ജോസ് കെ. മാണി, ജോയ് ഏബ്രഹാം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ബി.ജെ.പി.യില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ചര്‍ച്ചയില്‍ പങ്കെടുത്തു.
റബ്ബര്‍ ഇറക്കുമതി ഒരു തുറമുഖത്തിലൂടെയോ, അല്ലെങ്കില്‍ അപ്രധാനതുറമുഖങ്ങളിലൂടെയോ മാത്രമെന്ന നിലയില്‍ പരിമിതപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പുനല്കിയതായി ജോസ് കെ. മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെയാണ് റബ്ബര്‍ ഇറക്കുമതി. എന്നാല്‍, ഈ നിയന്ത്രണംകൊണ്ട് മെച്ചമുണ്ടായിട്ടില്ല. 90 ശതമാനം ഇറക്കുമതിയും നടക്കുന്നത് ഈ രണ്ട് തുറമുഖങ്ങളിലൂടെയാണ്. അതിനാല്‍ തുറമുഖങ്ങളുടെ എണ്ണം ഒരു തുറമുഖത്തിലേക്കു പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരമുള്ള റബ്ബറിന്റെ ഇറക്കുമതിനിരോധനം മാര്‍ച്ച് 31-ല്‍നിന്ന് ഒരുവര്‍ഷത്തേക്കു നീട്ടുന്നകാര്യം പരിഗണിക്കാമെന്നും കേന്ദ്രം ഉറപ്പുനല്കിയിട്ടുണ്ട്.
കേരളത്തിലെ 60 ശതമാനം റബ്ബര്‍കൃഷിസ്ഥലങ്ങളും റീപ്ലാന്റ് ചെയ്യാനുള്ള കാലാവധി കഴിഞ്ഞവയാണെന്നും ഇതിനുള്ള സബ്‌സിഡിത്തുക ഇരുപത്തയ്യായിരത്തില്‍നിന്ന് ഒരുലക്ഷമായി ഉയര്‍ത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഇതോടൊപ്പം ഒരുലക്ഷം രൂപ പലിശരഹിതവായ്പയായി കര്‍ഷകര്‍ക്കനുവദിക്കണം. തിരിച്ചടവിന് 10 വര്‍ഷത്തെ കാലാവധി നല്കണം.
കൃത്രിമറബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടുകയും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കൃത്രിമറബ്ബറിന് സംരക്ഷണച്ചുങ്കം ഏര്‍പ്പെടുത്തുകയും വേണം. ഏലമുള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്ക് ന്യായവില ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ജോയ് ഏബ്രഹാം എം.പി.യും പങ്കെടുത്തു.
യു.പി.എ.ക്കിട്ട് കുത്തി,ബി.ജെ.പി.യെ വാഴ്ത്തി
45 മിനിറ്റ് കൂടിക്കാഴ്ചയില്‍ റബ്ബര്‍ വിലയിടിവിനൊപ്പം രാഷ്ട്രീയവും ചര്‍ച്ചയായെന്നാണ് സൂചന. എന്നാല്‍, ചര്‍ച്ചയ്ക്കുശേഷം ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ജോസ് കെ.മാണിയുടെ മറുപടി ഇങ്ങനെ:
* ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്തില്ല. ഈ ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല. ഉണ്ടെങ്കില്‍ അത് കര്‍ഷരുടെ രാഷ്ട്രീയം
* റബ്ബര്‍ വിഷയത്തില്‍ യു.പി.എ. സര്‍ക്കാര്‍ ചില വീഴ്ചകള്‍ വരുത്തി. ബി.ജെ.പി. സര്‍ക്കാര്‍ വിഷയത്തില്‍ പെട്ടെന്നിടപെട്ടു. ഇതില്‍ സന്തോഷം
* മന്ത്രിയാകാന്‍ താത്പര്യമില്ല. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് അതിന് അവസരമുണ്ടായിരുന്നു. താന്‍ തയ്യാറായില്ല
* കേരളത്തിലെത്തുന്ന ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ കെ.എം. മാണി നിശ്ചിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനവുമെടുത്തിട്ടില്ല. എന്നാല്‍, കാണാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റുണ്ടെന്നും തോന്നുന്നില്ല