ന്യൂഡൽഹി: കേരളത്തിലെ റബ്ബർ കർഷകരുടെ ആശങ്കകൾക്ക് പരിഹാരമേകുന്ന റബ്ബർ നയത്തിന് ഉടൻ രൂപം നൽകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സമുദ്രോത്പന്ന രംഗത്ത് കേരളത്തിൽ വൻ പദ്ധതികൾക്ക് സാധ്യതയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തെ സഹായിക്കും. വാണിജ്യമന്ത്രാലയത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

റബ്ബർ നയം

റബ്ബർ മേഖലയ്ക്കായി നിലവിൽ നയം ഇല്ല. കേരളത്തിൽനിന്ന് ഇതാവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബ്ബർ കൃഷി വ്യാപകമാണ്. അതിനാൽ സമഗ്രമായ നയം ആവിഷ്കരിക്കുന്നതിനാണ് കേന്ദ്ര വാണിജ്യമന്ത്രാലയം ശ്രമിക്കുന്നത്. റബ്ബർ നയം തയ്യാറാക്കുന്നതിനു മുന്നോടിയായി തോട്ടവിളകളുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ, തൊഴിൽ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങുന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും റബ്ബർ നയം ആവിഷ്കരിക്കുക.

സമുദ്രോത്പന്ന മേഖല

വൈവിധ്യമുള്ള മൂല്യവർധിത ഉത്പന്നങ്ങളാണ് സമുദ്രോത്പന്ന കയറ്റുമതി ലക്ഷ്യമിട്ട് കേരളം തയ്യാറേക്കണ്ടത്. വിദേശരാജ്യങ്ങൾക്ക് ഇവയിലാണ് താത്പര്യം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദേശിച്ചിട്ടുണ്ട്. ജപ്പാന്റെ സഹായത്തോടെ കേരളത്തിൽ സമുദ്രോത്പന്ന സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

എയർ ഇന്ത്യ

എയർ ഇന്ത്യയുടെ ഓഹരി വില്പനയിൽ കേന്ദ്രസർക്കാരിന് തിടുക്കമില്ല. ആഗോളതലത്തിൽ വ്യോമയാന മേഖല പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഇന്ധന വിലക്കയറ്റമാണ് പ്രധാന പ്രശ്നം. അതുകൊണ്ടാണ് എയർ ഇന്ത്യ ലേലം കൊള്ളാൻ ആരുമെത്താതിരുന്നത്. എയർ ഇന്ത്യ രാജ്യത്തിന്റെ ഔദ്യോഗിക വിമാന സർവീസാണ്. അതിനാൽ എങ്ങനെയെങ്കിലും വിറ്റഴിക്കാൻ സർക്കാർ ആലോചിക്കുന്നില്ല -മന്ത്രി പറഞ്ഞു.