ന്യൂഡല്‍ഹി: റബ്ബര്‍നയം രൂപവത്കരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള ചീഫ് സെക്രട്ടറി അധ്യക്ഷനും ത്രിപുര ചീഫ് സെക്രട്ടറി ഉപാധ്യക്ഷനുമായുള്ള സമിതിയില്‍ വാണിജ്യമന്ത്രാലയ ജോയന്റ് സെക്രട്ടറി (പ്ലാന്റേഷന്‍), ഡി.ഐ.പി.പി. ജോയന്റ് സെക്രട്ടറി, ഡയറക്ടര്‍ (പ്ലാന്റേഷന്‍), കേരള, ത്രിപുര കൃഷിമന്ത്രാലയങ്ങളുടെ ഓരോ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് കണ്‍വീനര്‍.

രണ്ടുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആദ്യയോഗം മാര്‍ച്ച് 23-ന് തിരുവനന്തപുരത്തു ചേരും. റബ്ബര്‍നയം രൂപവത്കരിക്കുക, വിലയിടിവ് തടയുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതി നിയന്ത്രിക്കുന്നതിനും ആവശ്യമായ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നിര്‍ദേശിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍.