ചെന്നൈ: കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. രണ്ടുഡോസ് വാക്സിൻ എടുത്തവർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്. ഈ മാസം അഞ്ചുമുതൽ പുതിയ നിബന്ധന നിലവിൽവരുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.

പ്രതിദിന കോവിഡ്‌രോഗികളുടെ എണ്ണം തമിഴ്‌നാട്ടിൽ ഇപ്പോൾ വീണ്ടും വർധിക്കുകയാണ്. അതിനാൽ ഒാരോ ജില്ലയിലെയും അവസ്ഥ പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽനിന്ന് അതിർത്തിജില്ലയായ കോയമ്പത്തൂരിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കളക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ നിബന്ധന ഇപ്പോൾ സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

മുമ്പ് ഇതരസംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിൽ വരുന്നവർക്ക് ഇ-രജിസ്‌ട്രേഷൻ ചെയ്താൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ ഇ-രജിസ്‌ട്രേഷനു പുറമേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടുഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് വേണം. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ നിർദേശമുണ്ട്. റോഡുമാർഗം കേരളത്തിൽനിന്ന് വരുന്നവരെ ചെക്പോസ്റ്റുകളിൽ തടഞ്ഞുനിർത്തി മതിയായ രേഖകളുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമേ കടത്തിവിടുകയുള്ളൂ. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധനയുണ്ടാകുമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Content Highlights: RTPCR mandatory for those coming from kerala