ചെന്നൈ: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ അതിർത്തിജില്ലകളിൽ തമിഴ്‌നാട് പരിശോധന കർശനമാക്കി. കോയമ്പത്തൂർ, നീലഗിരി, തെങ്കാശി എന്നീ ജില്ലകളിലൂടെ റോഡ്മാർഗം വരുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തി വിടുന്നുള്ളു. ഇ-പാസും കർശനമായി പരിശോധിക്കുന്നുണ്ട്. ഈ മാസം അഞ്ചുമുതൽ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് വേണം.

നിലവിൽ, കോയമ്പത്തൂർവഴി വരുന്നവരുടെ കൈയിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ സാംപിൾ ശേഖരിക്കുന്നുണ്ട്. തുടർന്ന് ഇ-പാസിൽ രേഖപ്പെടുത്തിയ മേൽവിലാസത്തിലേക്ക് പോകാൻ അനുവദിക്കും. പരിശോധനാഫലം പോസിറ്റീവായാൽ വിവരമറിയിക്കും. നീലഗിരി ജില്ലയിൽ ആഴ്ചകൾക്ക് മുമ്പുതന്നെ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തിവിട്ടിരുന്നുള്ളൂ. അല്ലാത്തവരെ തിരിച്ചയയ്ക്കയാണ് ചെയ്യുന്നത്.

തെങ്കാശി ഭാഗങ്ങളിലൂടെ എത്തുന്നവരുടെ സാംപിളുകൾ ശേഖരിക്കുന്നുണ്ട്. കുമളിവഴി വരുന്നവർക്ക് ഓഗസ്റ്റ് അഞ്ചുമുതൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് തേനി ജില്ലാ അധികൃതർ അറിയിച്ചു. തിരുനെൽവേലിയിൽ കേരളത്തിൽനിന്ന് തീവണ്ടിയിൽ എത്തുന്നവരുടെ സാംപിളുകളും ശേഖരിക്കുന്നുണ്ട്. അഞ്ചുമുതൽ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സർഫിക്കറ്റ് പരിശോധന കർശനമാക്കും.