പുണെ: ആര്‍.എസ്.എസ്സിന്റെ ത്രിദിന ദേശീയപ്രതിനിധിസഭാ സമ്മേളനം വെള്ളിയാഴ്ച നാഗ്പുരില്‍ തുടങ്ങും. സംഘടനയുടെ പുതിയ സര്‍കാര്യവാഹിനെ (ജനറല്‍ സെക്രട്ടറി) സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പ്രധാന നടത്തിപ്പുകാരനായ സര്‍ കാര്യവാഹിന്റെ തിരഞ്ഞെടുപ്പ് തന്നെയാണ് സമ്മേളനത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നിലവിലുള്ള സഹ സര്‍കാര്യവാഹ് ദത്താേത്രയ ഹൊസബലെ ഈ പദവിയിലെത്താന്‍ സാധ്യയുണ്ടെന്ന് സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആര്‍.എസ്എസ്. തലവനെന്ന് അറിയപ്പെടുന്ന സര്‍ സംഘചാലകിന്റെ ഉപദേശാധികാരത്തിനപ്പുറം സംഘത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സര്‍കാര്യവാഹിന്റെ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യം ഉണ്ട്. ആര്‍.എസ്.എസി ന്റെ പരമാധികാരസഭയെന്ന് അറിയപ്പെടുന്ന എ.ബി.പി.എസിന്റെ നാഗ്പുര്‍ സമ്മേളനതീരുമാനം രാജ്യത്തെ അറുപതിനായിരത്തോളം ശാഖകളുടെ തീരുമാനമായാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം എത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ സമ്മേളത്തിന് മുന്നോടിയായി ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍ കാര്യവാഹ് ഭൈയ്യാജീ ജോഷി, ദത്താേത്രയ ഹൊസബലെ തുടങ്ങിയ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. അടുത്ത് നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലും ബി.ജെ.പി. ഭരണത്തില്‍ എത്തുമെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.

ബി.ജെ.പി.യുടെ ദേശീയഅധ്യക്ഷനും ജനറല്‍സെക്രട്ടറിയും മാത്രമാണ് പാര്‍ട്ടി പ്രതിനിധികളായി സമ്മേളനത്തില്‍ എത്താറുള്ളത്. ഇപ്പോഴത്തെ സഹ സര്‍കാര്യവാഹരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ദത്താേത്രയ ഹൊസബലെ. നേരത്തെ കര്‍ണാടകത്തില്‍ എ.ബി.വി.പി.നേതാവായിരുന്നു അദ്ദേഹം. സര്‍കാര്യവാഹ് പദവിയില്‍ ഹൊസബലെ എത്തുന്നത് അടുത്ത് നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന തോന്നലാണ് ബി.ജെ.പി.ക്കുള്ളത്.