ന്യൂഡല്‍ഹി: ലിബിയയിലെ സാവിയ നഗരത്തിലുണ്ടായ ഷെല്ലാ ക്രമണത്തില്‍ മലയാളി നഴ്‌സും മകനും മരിച്ചു. കോട്ടയം വെളിയന്നൂര്‍ തുളസിഭവനത്തില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനുവും (29), മകന്‍ പ്രണവും (2) ആണ് കൊല്ലപ്പെട്ടത്.
വിപിനും സുനുവും ലിബിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
 
ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. വെള്ളിയാഴ്ച പ്രാദേശികസമയം വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഷെല്‍ പതിക്കുകയായിരുന്നു. ജോലിസ്ഥലത്തായിരുന്നതിനാല്‍ വിപിന്‍ രക്ഷപ്പെട്ടു. തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍നിന്ന് 45 കി.മി അകലെയാണ് ഈ പ്രദേശം.

മൂന്നുവര്‍ഷം മുമ്പായിരുന്നു വിപിനും സുനുവും വിവാഹിതരായത്. വിപിന്‍ അഞ്ച് വര്‍ഷമായി ഇവിടെ ജോലിചെയ്തു വരികയാണ്. സുനു ഡല്‍ഹിയില്‍ നഴ്‌സായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഇരുവരും ലിബിയയ്ക്ക് മടങ്ങി. ഇവിടത്തെ ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് ഏപ്രില്‍ ആദ്യവാരം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. പ്രണവ് ജനിച്ചശേഷം ഇവര്‍ നാട്ടില്‍ വന്നിട്ടില്ല.

രണ്ടുമാസംമുമ്പ് സുനു രാജി വെച്ചിരുന്നു. വിപിനും രാജിക്കത്ത് നല്‍കിയിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂര്‍മുമ്പ് സുനു വീട്ടിലേക്ക് വിളിച്ചിരുന്നു. വാട്‌സ് ആപ്പിലൂടെ ബന്ധുക്കളുമായി ചാറ്റും ചെയ്തു.
ഇരുവരുടെയും മൃതദേഹം ഇവര്‍ ജോലിചെയ്തിരുന്ന ആസ്​പത്രിയിലേക്ക് മാറ്റി.

സുനുവിന്റെ അച്ഛന്‍ കൊണ്ടാട് കരോട്ട് കാരുര്‍ (കുഴിപ്പില്‍) സത്യന്‍ നായര്‍, അമ്മ വെളിയന്നൂര്‍ അറയ്ക്കപറമ്പില്‍ സതി എന്നിവരെ ശനിയാഴ്ച വൈകിയാണ് വിവരം അറിയിച്ചത്
മലയാളി നഴ്‌സും മകനും മരിച്ചവിവരം വിദേശകാര്യമന്ത്രി സുഷമസ്വരാജ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.
 
കൊല്ലപ്പെട്ട നഴ്‌സിന്റെ ഭര്‍ത്താവ് വിപിനുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപ്പെട്ടതായി മന്ത്രി പറഞ്ഞു. സാവിയയിലെ ആസ്​പത്രിയില്‍ 26 ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. സംഘര്‍ഷബാധിത മേഖലയില്‍നിന്ന് ഒഴിയാന്‍ നേരത്തേ പലതവണ ഇന്ത്യക്കാരോട് അഭ്യര്‍ഥിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വീണ്ടും താന്‍ അത് ആവര്‍ത്തിക്കുകയാണ്.

ലിബിയയില്‍ മരിച്ച വീട്ടമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും അവിടെ നിന്ന് മലയാളികള്‍ക്ക് തിരിച്ചുപോരാനും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചിട്ടുണ്ട്. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.