ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ജാമ്യത്തിൽക്കഴിയുന്ന റോബർട്ട് വദ്ര വ്യാഴാഴ്ച എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി.) ചോദ്യംചെയ്യലിന്‌ ഹാജരായി. വ്യാഴാഴ്ച ഹാജരാകാൻ ബുധനാഴ്ചയാണ് ഇ.ഡി. വദ്രയ്ക്ക്‌ സമൻസയച്ചത്. കേസുമായി ബന്ധപ്പെട്ട് മുമ്പ്‌ പലതവണ ഇ.ഡി. വദ്രയെ ചോദ്യംചെയ്തിട്ടുണ്ട്.

ഭാര്യയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയാണ് രാവിലെ പത്തരയോടെ അദ്ദേഹത്തെ ഇ.ഡി. ഓഫീസിൽ കൊണ്ടുവിട്ടത്.

ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്ക്വയറിൽ 170 കോടിയോളം രൂപമുടക്കി കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇതിൽ ഒരു ഡസനിലേറെത്തവണ വദ്രയെ ഇ.ഡി. ചോദ്യംചെയ്തിരുന്നു.

“ഇതുവരെ 11 തവണയായി ഏതാണ്ട് 70 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. എനിക്കെതിരേയുള്ള തെറ്റായ ആരോപണങ്ങളും കുറ്റങ്ങളും തെറ്റെന്ന്‌ തെളിയിക്കപ്പെടുംവരെ ഭാവിയിലും ഞാൻ സഹകരിക്കും” എന്നു ചോദ്യംചെയ്യലിന്‌ ഹാജരാകുംമുമ്പ് വദ്ര ട്വീറ്റ് ചെയ്തു.

വദ്രയുടെ പേരിൽ ലണ്ടനിൽ രണ്ടുവീടും ആറുഫ്ലാറ്റും മറ്റു വസ്തുവകകളുമുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വദ്രയ്ക്ക്‌ വിദേശയാത്രയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച് ഡൽഹി കോടതി ജൂൺ മൂന്നിന് ഉത്തരവിറക്കും.

Content highlights: Robert Vadra, Enforecement Directorate