ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വദ്രയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽഒന്നിനാണ് വിചാരണക്കോടതി വദ്രയ്ക്കു ജാമ്യം നൽകിയത്. വദ്രയുടെ ജാമ്യം അന്വേഷണത്തിനു തടസ്സമാകുന്നുവെന്നുചൂണ്ടിക്കാട്ടി ഇ.ഡി. നൽകിയ അപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.

ലണ്ടനിലെ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് വദ്ര കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് നടത്തിയെന്നാണ് ഇ.ഡി.യുടെ വാദം. മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും രാജ്യംവിട്ടുപോകുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്ന് വദ്രയോട് വിചാരണക്കോടതി നിർദേശിച്ചിരുന്നു.

വിദേശത്തുപോകാൻ അനുമതി തേടി വദ്ര വെള്ളിയാഴ്ച വിചാരണക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദേശത്തുപോകാൻ വദ്ര അനുമതി തേടിയത്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷം ഇതിൽ നിലപാടറിയിക്കാൻ ഇ.ഡി.യോട് വിചാരണക്കോടതി വെള്ളിയാഴ്ച ആവശ്യപ്പെട്ടു. മെഡിക്കൽ റിപ്പോർട്ട് പരസ്യമാക്കരുതെന്ന് വദ്ര ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Robert Vadra, Enforecement Directorate