ന്യൂഡൽഹി: വിദേശത്ത് വസ്തുവകകൾ വാങ്ങിയതിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ റോബേർട്ട് വദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റിനു (ഇ.ഡി.) മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായി. ഇന്ത്യാഗേറ്റിനു സമീപത്തെ ഓഫീസിൽ ചൊവ്വാഴ്ച രാവിലെയാണ് വദ്രയെത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ആരോഗ്യകാരണങ്ങൾ കാട്ടി മേയ് 31-നു വദ്ര ഇ.ഡി.ക്കു മുമ്പാകെ ഹാജരായിരുന്നില്ല. മേയ് 30-ന് ഹാജരായപ്പോൾ അഞ്ചുമണിക്കൂർ സമയമെടുത്താണ് ഉദ്യോഗസ്ഥർ വദ്രയുടെ മൊഴിരേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇ.ഡി. ഓഫീസിൽ എത്തുന്നതിനുമുമ്പ് 13-ാം തവണയാണു താൻ ചോദ്യംചെയ്യലിനു വിധേയനാകാൻ പോവുന്നതെന്ന് വ്യക്തമാക്കി വദ്ര സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. “മുമ്പ് 80 മണിക്കൂറിലധികം എന്നെ ചോദ്യംചെയ്തിട്ടുണ്ട്. ഉദ്വേഗജനകവും അനാവശ്യവുമായ നാടകമാണ് നടക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ പത്തുവർഷത്തോളും ഞാൻ പൊരുതി. ശാരീരികാവസ്ഥ മാറും. എന്നാൽ സത്യസന്ധമായ മനസ്സിനു മാറ്റമില്ല.” വദ്രയുടെ കുറിപ്പിൽ പറയുന്നു. വിദേശത്തു ചികിത്സയ്ക്കു പോകാൻ ഡൽഹി കോടതി വദ്രയ്ക്ക് ആറാഴ്ച സമയം അനുവദിച്ചതിനു പിന്നാലെയാണ് പ്രതികരണം.

ബ്രിട്ടനിലെ ബ്രിയാൻസ്റ്റൺ സ്ക്വയറിൽ 19 ലക്ഷം പൗണ്ടിന്റെ (ഏകദേശം 16 കോടി രൂപ) വസ്തു വാങ്ങിയതിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണു വദ്രയ്ക്കെതിരേയുള്ള കേസ്.

Content Highlights: Robert Vadra, ED