ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്കാഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുമ്പാകെ ഹാജരായി. ഡൽഹി ജാംനഗർ ഹൗസിലെ ഓഫീസിൽ രാവിലെ പത്തരയോടെയാണ് അഭിഭാഷകരോടൊപ്പം വദ്ര എത്തിയത്.

വദ്ര ലണ്ടനിൽ സ്വന്തമാക്കിയ വിവിധ ഭൂസ്വത്തുക്കളെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി തുടർന്നും നാലോ അഞ്ചോ തവണ ചോദ്യംചെയ്യേണ്ടിവരുമെന്നും ഇ.ഡി. ഡൽഹി പട്യാല കോടതിയെ അറിയിച്ചു. ലണ്ടനിൽ ഭൂമി ഇടപാടിൽ വദ്ര കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് കേസ്.

എന്നാൽ, വിദേശത്ത് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണം തനിക്കെതിരേയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് വദ്ര കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ആരോഗ്യപ്രശ്നം മൂലമാണ് വദ്രയ്ക്ക് വരാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Content Highlights: Robert Vadra, ED