പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ഓഫീസിലും ജോലിക്കാരന്റെയും ബന്ധുക്കളുടെയും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡിൽ വദ്രയെ പൂർണമായി പിന്തുണച്ച് കോൺഗ്രസ്. നേരത്തെ വദ്രയ്ക്കെതിരേ നീക്കങ്ങൾ നടന്നപ്പോൾ പാർട്ടിതലത്തിൽ തുറന്ന് പ്രതിരോധിക്കാതിരുന്ന കോൺഗ്രസ് നേതൃത്വം ഇത്തവണ ബി.ജെ.പി.ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ ശക്തമായാണ് പ്രതികരിച്ചത്.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട മോദി സർക്കാർ വൃത്തികെട്ട ചെപ്പടിവിദ്യകളും വിദ്വേഷ തന്ത്രങ്ങളും പ്രയോഗിക്കുകയാണെന്ന് കോൺഗ്രസ് ശനിയാഴ്ചയും ആവർത്തിച്ചു. “ ചതിപ്രയോഗത്തിന്റെ ആശാനായ നരേന്ദ്രമോദി, സി.ബി.ഐ, ഇ.ഡി, ആദായനികുതി വിഭാഗങ്ങളെ അടിമകളും കരാർതൊഴിലാളികളുമാക്കിയിരിക്കയാണ്. 54 മാസങ്ങളായി രാഷ്ട്രീയനേട്ടത്തിനായി വദ്രയെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നു. ഇത് വ്യക്തിഹത്യയാണ്. തെളിവില്ലെങ്കിൽ അവരുടെ രീതി ഇതാണ്’- കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും കുട്ടികളെപ്പോലും വിടാതെയുള്ള പ്രതികാര രാഷ്ട്രീയമാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്നും മു ൻകേന്ദ്രമന്ത്രി കപിൽ സിബൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വദ്രയുടെ ജോലിക്കാരനായ മനോജ് അറോറയുടെയും ഭാര്യാപിതാവിന്റെയും സഹോദരിയുടെയുടെയും വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് അധികൃതർ നടത്തിയത് മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അറോറ പരാതി നൽകിയിട്ടുണ്ടെന്നും സിബൽ വ്യക്തമാക്കി.

പ്രതികാര രാഷ്ട്രീയത്തിനായി തന്റെ ചൊൽപ്പടിക്ക് നില്കുന്ന ഉദ്യോഗസ്ഥനെയാണ് പ്രധാനമന്ത്രി എൻഫോഴ്‌സ്‌മെന്റ് തലപ്പത്ത് നിയമിച്ചതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും ആരോപിച്ചു. ഇ.ഡി. ഡയറക്ടറായി സാധാരണ സെക്രട്ടറി റാങ്കിലുള്ള ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരെയാണ് നിയമിക്കാറ്. ഇപ്പോഴത്തെ ഡയറക്ടർ, സെക്രട്ടറി റാങ്കിലോ അഡീഷണൽ സെക്രട്ടറി റാങ്കിലോ ഉണ്ടായിരുന്ന ആളെല്ലന്നു മാത്രമല്ല ഐ.ആർ.എസ്. സർവീസിലുള്ളയാളുമാണ്.വിദ്വേഷ അജൻഡ നടപ്പാക്കാനാണ് അവിഹിതമായി സ്ഥാനക്കയറ്റം കൊടുത്ത് നിയമിച്ചിരിക്കുന്നത്- അദ്ദേഹം ആരോപിച്ചു.