ന്യൂഡൽഹി: കള്ളപ്പണംവെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വദ്ര വിദേശയാത്രയ്ക്ക് അനുമതിതേടി ചൊവ്വാഴ്ച ഡൽഹിക്കോടതിയെ സമീപിച്ചു. സുരക്ഷയെ ബാധിക്കുമെന്നതിനാൽ യാത്രയുടെ വിശദാംശങ്ങൾ പങ്കുവെക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വദ്രയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. വദ്രയുടെ അഭിഭാഷകസംഘത്തിലെ പ്രമുഖൻ ഹാജരല്ലാത്തതിനാൽ കേസിന്റെ വാദം വെള്ളിയാഴ്ചത്തേക്കു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനുവാദമില്ലാതെ രാജ്യം വിടരുതെന്ന് കോടതി വദ്രയോട് ഏപ്രിൽ ഒന്നിനു നിർദേശിച്ചിരുന്നു. ഇതുൾപ്പെടെയുള്ള ഉപാധികളിന്മേലാണ് അദ്ദേഹത്തിനു മുൻകൂർജാമ്യം അനുവദിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവായ വദ്ര, ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്ക്വയറിൽ 19 ലക്ഷം പൗണ്ട് വിലവരുന്ന വസ്തു വാങ്ങിയതിന്റെ പേരിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടത്.

Content Highlights: Robert Vadra, Delhi Court