ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വദ്രയെ മാർച്ച് 25 വരെ അറസ്റ്റുചെയ്യരുതെന്ന് ഡൽഹി കോടതി. അതേസമയം, വദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടു.

പലതവണ വദ്രയ്ക്ക് അറസ്റ്റിൽനിന്നു സംരക്ഷണം നൽകി. വിവിധ തലങ്ങളിൽ സ്വാധീനമുള്ളതിനാൽ തുടർച്ചയായി ജാമ്യം അനുവദിക്കുന്നത് തെളിവു നശിപ്പിക്കാനിടയാക്കും. രാഷ്ട്രീയവിരോധംവെച്ച് കണക്കുതീർക്കുകയാണെന്ന വദ്രയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെളിവിന്റെ അടിസ്ഥാനത്തിൽ നടപടിക്രമം പാലിച്ചാണ് അന്വേഷണം. മറ്റൊരു കേസിൽ തന്റെ സ്ഥാപനം അന്വേഷണവുമായി സഹകരിക്കുന്നതായാണ് മുൻകൂർജാമ്യാപേക്ഷയിൽ പറയുന്നത്. ഈ കേസുമായി അതിനു ബന്ധമില്ല -ഇ.ഡി. വാദിച്ചു.

ലണ്ടനിൽ ഏതാണ്ട് 17 കോടി രൂപ വിലയുള്ള വസ്തുവാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്. നികുതിവെട്ടിപ്പിനായി വിദേശ ആസ്തി വെളിപ്പെടത്താതിരുന്നതുമായി ബന്ധപ്പെട്ട് ഈ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. കേസിൽ വദ്രയുടെ ബന്ധം വ്യക്തമാക്കുന്ന ഇ-മെയിൽ ഉൾപ്പെടെ ഇലക്‌ട്രോണിക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തെറ്റായരീതിയിൽ ഒട്ടേറെ വസ്തുവകകൾ വദ്ര വാങ്ങിക്കൂട്ടിയിട്ടുണ്ട്.‌

വദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അറോറ ആദായനികുതി വകുപ്പിന്റെ മറ്റൊരു കേസിൽ പിടിയിലായിരുന്നു. അറോറയെ ചോദ്യംചെയ്തപ്പോഴാണ് വദ്രയുടെ വിദേശ ആസ്തികളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഇ.ഡി. പറയുന്നു.

സഞ്ജയ് ഭണ്ഡാരി എന്നയാളുടെ പേരിൽ ലണ്ടനിൽ വാങ്ങിയ 17 കോടി രൂപയുടെ വസ്തു 2010-ൽ വിറ്റിരുന്നു. ഇത് യഥാർഥത്തിൽ ഭണ്ഡാരിയുടേതല്ലെന്നും വദ്രയുടേതാണെന്നുമാണ് ഇ.ഡി.യുടെ വാദം. ഇതുകൂടാതെ ലണ്ടനിൽ രണ്ടു വീടുകളും ആറു ഫ്ളാറ്റുകളും വദ്രയ്ക്കുണ്ടെന്നും ഇ.ഡി. പറയുന്നു.