ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിക്കു പിന്നാലെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയും രാഷ്ട്രീയപ്രവേശത്തിനൊരുങ്ങുന്നതായി സൂചന. വദ്ര ഞായറാഴ്ചയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സൂചനയുള്ളത്.

“ഈ വർഷങ്ങളിലെ അനുഭവങ്ങളും പാഠങ്ങളും വെറുതെ കളയാനാവില്ല, കൂടുതൽ നല്ലതിനായി ഉപയോഗിക്കേണ്ടതുണ്ട്... ഈ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒരിക്കൽ അവസാനിക്കുമ്പോൾ, ജനങ്ങളെ സേവിക്കുന്നതിൽ ഞാനും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്” -എന്നായിരുന്നു പോസ്റ്റ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി വർഷങ്ങളും മാസങ്ങളും പ്രചാരണങ്ങൾക്കായി താൻ ചെലവഴിച്ചിട്ടുണ്ടെന്നും പ്രധാനമായും യു.പി.യിൽ ചെറിയ കാര്യങ്ങളെങ്കിലും ജനങ്ങൾക്കുവേണ്ടി ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വദ്രയുടെ പോസ്റ്റിൽ പറയുന്നു.

ഏറെക്കാലമായി രാജ്യത്തെ മറ്റു പ്രശ്നങ്ങളിൽനിന്ന് വഴിതിരിക്കാൻ തന്റെ പേരുപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി.യുടെ തുടർച്ചയായ ചോദ്യം ചെയ്യലിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് വദ്ര.

പ്രിയങ്കാ ഗാന്ധി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ് ഒരുമാസം പിന്നിടുമ്പോഴാണ് വദ്രയും രാഷ്ട്രീയപ്രവേശ താത്പര്യം പരസ്യമാക്കുന്നത്.