ജയ്‌പുർ: മോദി സർക്കാർ പ്രതികാരബുദ്ധിയോടെയാണ് തന്നോട്‌ പെരുമാറുന്നതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ രാഷ്ട്രീയ പകപോക്കലിന് 75 വയസ്സുള്ള തന്റെ അമ്മയെ ഉപദ്രവിക്കുകയാണെന്നും ഫെയ്സ്ബുക്ക് കുറുപ്പിലൂടെ അദ്ദേഹം ആരോപിച്ചു.

ചോദ്യംചെയ്യലിനായി ജയ്‌‌പുരിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസിൽ അമ്മ മൗറീൻ വദ്രയ്ക്കൊപ്പമെത്തിപ്പോഴാണ് വദ്ര ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നുദിവസം ഡൽഹിയിൽ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇ.ഡി. കോടതി നിർദേശപ്രകാരം വദ്രയെ ജയ്‌പുരിലേക്കു വിളിപ്പിച്ചത്. ഉത്തർപ്രദേശിലെ റാലിക്കുശേഷം എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും വദ്രയുടെ ഭാര്യയുമായ പ്രിയങ്കാഗാന്ധിയും ജയ്‌പുരിലെത്തി. ഇ.ഡി. ഓഫീസിലേക്ക് വദ്രയ്ക്കൊപ്പം പ്രിയങ്കയുമുണ്ടായിരുന്നു.

ബിക്കാനേറിൽ 34 ഗ്രാമങ്ങളിലായി പാവപ്പെട്ടവരുടെ പുനഃരധിവാസത്തിനു നീക്കിവെച്ച സ്ഥലം വ്യാജരേഖകൾ ചമച്ച് കുറഞ്ഞവിലയ്ക്ക് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി വാങ്ങിയെന്നും കള്ളപ്പണ ഇടപാടിലൂടെ ഇത് മറ്റൊരു കമ്പനിക്ക്‌ കൈമാറി ലാഭമുണ്ടാക്കിയെന്നുമാണ് കേസ്.