ന്യൂഡൽഹി: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടുതൽ കേസുകളിൽ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഏജൻസികൾ. കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണിത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഉൾപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്തേക്കു.ം

ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മൂന്നുദിവസം എൻഫോഴ്സ്‌മെന്റ് വദ്രയെ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമി അഴിമതി സംബന്ധിച്ച കേസിൽ ചൊവ്വാഴ്ച ജയ്‌പുരിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചിക്കുന്നത്. വദ്രയുടെ കമ്പനി ഉൾപ്പെട്ട തട്ടിപ്പുകേസിൽ എൻഫോഴ്സ്‌മെന്റിനു മുമ്പാകെ ഫെബ്രുവരി 12-ന് ഹാജരാകാൻ രാജസ്ഥാൻ ഹൈക്കോടതി റോബർട്ട് വദ്രയോടും അമ്മ മൗറീൻ വദ്രയോടും നിർദേശിച്ചിട്ടുണ്ട്.

കമ്പനിയിൽ സഹ ഉടമയാണ് മൗറീൻ വദ്ര. കഴിഞ്ഞ നവംബറിലടക്കം മൂന്നുവട്ടം ഹാജാരാകാൻ എൻഫോഴ്സ്‌മെന്റ് വദ്രയ്ക്കും അമ്മയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരേ വദ്ര രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. ഇതിലാണ് അന്വേഷണവുമായി സഹകരിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2015 സെപ്റ്റംബറിലാണ് വദ്രയ്ക്കെതിരേ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. ബിക്കാനീറിലെ കൊളായത് ഗ്രാമത്തിൽ പാവപ്പെട്ടവരുടെ പുനരധിവാസത്തിന് നീക്കിവെച്ച 69.55 ഹെക്ടർ ഭൂമി തുച്ഛമായ വിലയ്ക്ക് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങിയതായും ഇത് അലെൻജെനറി ഫിൻലീസ് എന്ന സ്ഥാപനത്തിനു വിറ്റതുവഴി 5.15 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. ഈ പണം അനധികൃതമായാണ് കൈമാറിയിരിക്കുന്നതെന്നും ആരോപണമുണ്ട്.

അലെൻജെനറിക്ക് വ്യവസായ ഇടപാടുകൾ ഒന്നുമില്ലെന്നും ഇതിന്റെ ഓഹരിയുടമകളെക്കുറിച്ചുള്ള വിവരങ്ങൾ വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. അവകാശപ്പെടുന്നു. ബിക്കാനീർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ. 18 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ നാലെണ്ണം സ്കൈലൈറ്റ് ഹോസ്പിറ്റാലിക്കെതിരായാണ്.

ഗുരുഗ്രാമിലെ ഷികോപുർ ഗ്രാമത്തിലെ ഭൂമി ഇടപാടുകേസിലും വദ്രയെ ചോദ്യം ചെയ്യാൻ വിളിച്ചതായി ഇ.ഡി. സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പുതിയ കേസെടുത്തേക്കും. ഗുരുഗ്രാമിൽ 2009 -12 കാലത്ത് 1417 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടിൽ കഴിഞ്ഞ ജനുവരി 23-ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കും 15 നിർമാണ കമ്പനികൾക്കും എതിരേ സി.ബി.ഐ. കേസെടുത്തിരുന്നു. ഇതേ ഇടപാടിൽ കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വദ്രയ്ക്കും ഹൂഡയ്ക്കുമെതിരേ ഹരിയാണ പോലീസും കേസെടുത്തു. 2008-ൽ വദ്രയുടെ കമ്പനി ഡി.എൽ.എഫിനു നൽകിയ 3.5 ഏക്കർ ഭൂമിയുടെ വിലയിൽ കൃത്രിമം നടന്നതായാണ് വദ്രയ്ക്കെതിരായ ആരോപണം.

സത്യം ജയിക്കുമെന്ന് വദ്ര

ന്യൂഡൽഹി: സത്യം എന്നും നിലനിൽക്കുമെന്നും സത്യം ജയിക്കുമെന്നും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വദ്ര ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ഇങ്ങനെ കുറിച്ചത്. ലണ്ടനിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണക്കേസിലാണ് വദ്രയെ ചോദ്യം ചെയ്തത്. ആരോപണങ്ങൾ വദ്ര നിഷേധിച്ചിട്ടുണ്ട്.