ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വദ്ര എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ മൂന്നാംദിവസവും ചോദ്യംചെയ്യലിന് ഹാജരായി. ശനിയാഴ്ച രാവിലെ 10.45-ന് ജാംനഗർ ഹൗസിലെ ഇ.ഡി. ഓഫീസിലെത്തിയ വദ്രയെ മണിക്കൂറുകളോളം ചോദ്യംചെയ്തു.

ലണ്ടനിൽ ബ്രയൺസ്റ്റൻ സ്ക്വയറിൽ വസ്തുവാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലാണ് വദ്രയെ ചോദ്യംചെയ്യുന്നത്. ഈമാസം ആറ്‌, ഏഴ് തീയതികളിൽ 14 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ചില സംശയനിവാരണങ്ങൾക്കാണ് അദ്ദേഹത്തെ വീണ്ടും വിളിപ്പിച്ചതെന്ന് ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.

ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട് ഇ.ഡി.ക്ക് ലഭിച്ച ചില രേഖകൾ സംബന്ധിച്ചാണ് രണ്ടാംദിവസം വദ്രയെ ചോദ്യംചെയ്തതെന്നാണ് സൂചന. ഭണ്ഡാരിയുമായി നടത്തിയ ഇ-മെയിൽ ഇടപാടുകളെക്കുറിച്ചും ചോദിച്ചു. ഇത് വദ്ര നിഷേധിച്ചതായും ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ചില രേഖകൾ ഹാജരാക്കിയ വദ്ര, കൂടുതൽ രേഖകൾ ലഭിക്കുന്നമുറയ്ക്ക് ഹാജരാക്കാമെന്ന്‌ പറഞ്ഞതായും ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.